മനാമ: ബഹ്റൈനിലെ മലയാളം മിഷൻ പഠനകേന്ദ്രങ്ങളിലെ മാതൃഭാഷാ അധ്യാപകർക്കായി മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന തൃദിന അധ്യാപക ശില്പശാലയ്ക്ക് ഇന്ന് തുടക്കമാകും.മലയാളം മിഷൻ രജിസ്ട്രാറും അധ്യാപകനും കവിയുമായ വിനോദ് വൈശാഖി, ഭാഷാധ്യാപകനായ സതീഷ് കുമാർ എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകും.മലയാളം മിഷൻ പാഠ്യപദ്ധതി പ്രകാരമുള്ള സർട്ടിഫിക്കേറ്റ് കോഴ്സായ കണിക്കൊന്ന, ഡിപ്ലോമ കോഴ്സായ സൂര്യകാന്തി, ഹയർ ഡിപ്ലോമ കോഴ്സായ ആമ്പൽ, സീനിയർ ഹയർ ഡിപ്ലോമയും പത്താംതരം തുല്യത കോഴ്സുമായ നീലക്കുറിഞ്ഞി എന്നിവയിൽ അധ്യാപനം നടത്തുന്നവർക്കായാണ് ശില്പശാല സംഘടിപ്പിച്ചിട്ടുള്ളത്.ഇന്ത്യയ്ക്ക് പുറത്ത് ആരംഭിച്ച മലയാളം മിഷൻ്റെ ആദ്യ ചാപ്റ്ററായ ബഹ്റൈൻ ചാപ്റ്ററിലെ എട്ട് പഠനകേന്ദ്രങ്ങളിലായി നൂറോളം അധ്യാപകരാണ് സേവനമനുഷ്ഠിക്കുന്നത്.ശില്പശാല വ്യാഴാഴ്ച സമാപിക്കും.