അഞ്ചു വര്‍ഷം കാലാവധിയുള്ള ഗ്രീൻ റെസിഡൻറ് വീസ , യുഎഇയിൽ താമസിച്ച് വിദേശകമ്പനികൾക്കുവേണ്ടി ജോലി ചെയ്യാൻ അനുവദിക്കുന്ന വിര്‍ച്വൽ വീസയും അനുവദിക്കും
അബുദാബി: യുഎഇയിൽ ഏർപ്പെടുത്തുന്ന പുതിയ വിസ ചട്ടം തിങ്കളാഴ്ച നിലവിൽ വരും. വീസയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഇതോടെ കൂടുതൽ ലളിതമാകും. അഞ്ചു വര്‍ഷം കാലാവധിയുള്ള ഗ്രീൻ റെസിഡൻറ് വീസയും തിങ്കളാഴ്ച മുതൽ നിലവിൽ വരും.വീസ യുടെ നടപടിക്രമങ്ങൾ എളുപ്പമാക്കാനും ഏകോപിപ്പിക്കുന്നതിനും അതോടൊപ്പം പുതിയ കാറ്റഗറികളിലുള്ള വീസകളും ഇതോടൊപ്പം നിലവിൽ വരും. കൂടുതൽ പേരെ യുഎഇയിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് വീസ ചട്ടങ്ങളിൽ സമൂലമായ മാറ്റങ്ങൾ കൊണ്ടു വരുന്നത്. അഞ്ചു വര്‍ഷം കാലാവധിയുള്ള ഗ്രീൻ റെസിഡൻറ് വീസയാണ് പുതിയ വീസകളിൽ കൂടുതൽ ശ്രദ്ധ ആകർഷിക്കുന്നത് . സ്പോൺസറോ തൊഴിലുടമയോ ഇല്ലാതെ തന്നെ രാജ്യത്ത് തങ്ങാൻ അനുവദിക്കുന്നതാണ് ഗ്രീൻ വീസ സംവിധാനം . സ്വയം സംരംഭകർ, നിക്ഷേപകർ, ബിസിനസ് പാർട്നെർസ് , വിദഗ്ധ തൊഴിലാളികൾ, എന്നിവർക്ക് ഗ്രീൻ വീസ ലഭിക്കും. അഞ്ച് വര്‍ഷം കാലാവധിയുള്ള മൾട്ടി എൻട്രി ടൂറിസ്റ്റ് വീസയും തിങ്കളാഴ്ച നിലവിൽ വരും.
അതോടൊപ്പം പുതിയ നിയമം അനുസരിച്ച് എല്ലാ സിംഗിൾ – മൾട്ടി എൻട്രീ വീസകളും സമാന കാലവയളവിലേക്ക് പുതുക്കാൻ സാധിക്കും . യുഎഇയിൽ താമസിച്ച് വിദേശകമ്പനികൾക്കുവേണ്ടി ജോലി ചെയ്യാൻ അനുവദിക്കുന്ന വിര്‍ച്വൽ വീസയും തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും . തൊഴിൽ അന്വേഷകർക്ക് ഏറെ സഹായകരമാകുന്ന ജോബ് എക്പ്ലോറര്‍ വീസ, മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള റിട്ടയര്‍മെൻറ് വീസ തുടങ്ങിയവയാണ് വീസ ചട്ടങ്ങളിലെ മറ്റ് പ്രധാന മാറ്റങ്ങൾ. പുതിയ വീസ നിയമപ്രകാരം ഗോൾഡൻ വീസയുടെ നടപടികൾ ലഘൂകരിക്കുകയും കൂടുതൽ മേഖലകളിലേക്ക് അനുവദിക്കും .