മെന്റലിസ്റ്റ് അനന്തുവിന്റെ ‘ദി സീക്രട്ട് ലെറ്റർ’ ഷോയുടെ പോസ്റ്റർ പ്രകാശനം മസ്കറ്റിൽ നടന്നു

മസ്കറ്റ്: പ്രശസ്ത മെന്റലിസ്റ്റ് അനന്തുവിന്റെ ‘ദി സീക്രട്ട് ലെറ്റർ’ മെന്റലിസം ഷോയുടെ ഔദ്യോഗിക പോസ്റ്റർ മസ്കറ്റിൽ പ്രകാശനം ചെയ്തു. മോഡേൺ ഡെസേർട്ട് ഇവന്റ്സിന്റെ ബാനറിൽ സംഘടിപ്പിക്കുന്ന പരിപാടി ഡിസംബർ 18-ന് മസ്കറ്റിലെ റൂവിയിലുള്ള അൽ ഫലാജ് ഹോട്ടലിലെ ഗ്രാൻഡ് സ്ഫിയർ ഹാളിൽ അരങ്ങേറും. ഒക്ടോബർ 24-ന് അൽ ഖുവൈറിലെ ഇംപീരിയൽ കിച്ചൻ സ്റ്റാർലൈറ്റ് ബാങ്ക്വറ്റ് ഹാളിൽ നടന്ന പോസ്റ്റർ പ്രകാശനച്ചടങ്ങിൽ സാമൂഹിക, സാംസ്കാരിക, വ്യവസായ രംഗങ്ങളിലെ പ്രമുഖരും സംഘാടക സമിതി അംഗങ്ങളും പങ്കെടുത്തു.മനസ്സിന്റെ നിഗൂഢതകളും ചിന്തകളുടെ വിസ്മയലോകവും മെന്റലിസത്തിന്റെ വ്യത്യസ്തമായ അവതരണത്തിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന പരിപാടിയായിരിക്കും ‘ദി സീക്രട്ട് ലെറ്റർ’ എന്ന് സംഘാടകർ അറിയിച്ചു. ചടങ്ങിൽ അൽ അമാനി ടി.വി.ആർ. ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ രതീഷ് രാജൻ, ട്രാവൽ ഡയറീസ് മാനേജിങ് ഡയറക്ടർ ശ്രീധു നായർ, അൽ അൻസാബ് ബേക്കറി മാനേജിങ് ഡയറക്ടർ അനിൽ കുമാർ, അൽ അൻസാബ് മോഡേൺ ബേക്കറി മാനേജിങ് ഡയറക്ടർ പിങ്കു അനിൽ, സജിത വിനോദ്, ഗൾഫ് ലൈൻ എക്സ്പ്രസിലെ ഗണേഷ് ബാബു, ഫയർകെയർ സേഫ്റ്റി ആൻഡ് സൊല്യൂഷൻസ് മാനേജിങ് ഡയറക്ടർ ഷിനോജ്, അനീഷ് ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ഡോ. രാജശ്രീയും സബിത ലിജോ അലക്സും പരിപാടിയുടെ പ്രത്യേകതകളെക്കുറിച്ചും അവതരണരീതിയെക്കുറിച്ചും വിശദീകരിച്ചു. വിവിധ വിഭാഗങ്ങളിലുള്ള ടിക്കറ്റുകളും എർലി ബേർഡ് ആനുകൂല്യങ്ങളും നിലവിൽ ലഭ്യമാണെന്ന് സംഘാടകർ അറിയിച്ചു. ടിക്കറ്റ് ബുക്കിങ്ങിനെക്കുറിച്ചുള്ള വിവരങ്ങളും പരിപാടിയുടെ തുടർവിശേഷങ്ങളും ഔദ്യോഗിക സമൂഹമാധ്യമ പേജുകളിലൂടെ അറിയിക്കും.ഒമാനിലെ കലാസാംസ്കാരിക രംഗത്ത് വ്യത്യസ്തമായൊരു അനുഭവം സമ്മാനിക്കുകയാണ് ‘ദി സീക്രട്ട് ലെറ്റർ’ ഷോയിലൂടെ ലക്ഷ്യമിടുന്നതെന്നും പരിപാടിയുടെ വിജയത്തിനായി പ്രവാസി സമൂഹത്തിന്റെയും കലാസ്നേഹികളുടെയും മാധ്യമപ്രവർത്തകരുടെയും പിന്തുണ സംഘാടകർ അഭ്യർഥിച്ചതായും അറിയിച്ചു.