സ്ത്രീ സുരക്ഷക്കും സംരക്ഷണത്തിനുമായി പലരും പല കാലങ്ങളിലായി പല അവകാശ സംരക്ഷണ സമരങ്ങളും ബോധവൽക്കരണ പരിപാടികളും നടത്തിയതിൻ്റെ ഫലമായി നേട്ടങ്ങൾ കൈവരിക്കുവാൻ സ്ത്രീസമൂഹത്തിന് സാധിച്ചിട്ടുണ്ട്. എന്നാലും സ്ത്രീ സുരക്ഷിതത്വം എന്നത് ഇന്നും വലിയൊരു ചോദ്യചിഹ്നം തന്നെയാണ് എന്ന് അധ്യക്ഷ പ്രസംഗം നടത്തിയ പ്രവാസി വെൽഫെയർ വൈസ് പ്രസിഡൻ്റ് ജമീല അബ്ദുറഹ്മാൻ പറഞ്ഞു. അവകാശ നിഷേധങ്ങളും ബാലിക പീഡനങ്ങളും ആത്മഹത്യകളും ദിനംപ്രതി കൂടുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വിദ്യാഭ്യാസ, തൊഴിൽ, സാമൂഹിക സംസ്കാരിക മേഖലാകളിൽ സ്ത്രീ സമൂഹം പുരോഗതി നേടുമ്പോൾ മാത്രമേ യഥാർത്ഥ പുരോഗതി നേടിയെന്ന് നമുക്ക് വിലയിരുത്തുവാൻ കഴിയുകയുള്ളൂവെന്ന് അവർ പറഞ്ഞു.
സാംസ്കാരിക കേരളത്തിൽ പോലും സ്ത്രീ സമൂഹത്തോട് സാംസ്കാരിക ശൂന്യതയാണ് കാണിക്കുന്നത് എന്ന് മുഖ്യ പ്രഭാഷണം നടത്തിയ വെൽഫെയർ പാർട്ടി സംസ്ഥാന പ്രവർത്തക സമിതി അംഗം പ്രേമ. ജി. പിഷാരടി പറഞ്ഞു. റേഷൻ കാർഡുകൾ സ്ത്രീയുടെ പേരിൽ വന്നു എന്നതിനപ്പുറം മറ്റെന്ത് മാറ്റമാണ് ഉണ്ടായിട്ടുള്ളത് എന്ന് അവർ ചോദിച്ചു. പാർട്ടി കമ്മിറ്റിയിൽ വനിതകൾ കൂടുതലായി കടന്നു വരുന്നത് പാർട്ടിയെ നശിപ്പിക്കും എന്ന് കരുതുന്ന പാർട്ടി സെക്രട്ടറിമാരുടെ നാടാണ് കേരളം. രാജ്യത്ത് നടക്കുന്ന വിവേചനങ്ങൾക്കെതിരെ നാനാത്വത്തിൽ ഏകത്വത്തിലെ മനോഹാരിത അഥവാ ഏകത്വത്തിലെ വൈവിധ്യങ്ങൾ നിലനിർത്താൻ രാജ്യത്തെ മുഴുവൻ സമൂഹവും ഒരുമിക്കേണ്ടത്തുണ്ട് എന്നും അവർ ഉണര്‍ത്തി.
മുസ്ലിം യുവതികൾ വ്യത്യസ്ത മേഖലകളിൽ കൈവരിച്ച ശാക്തീകരണ പ്രക്രിയകളെ പിന്നോട്ടടിക്കാനും വിദ്യാർത്ഥികളെ മതത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിക്കാനും ലക്ഷ്യമിട്ടുള്ള വിദ്വേഷത്തിലധിഷ്ഠിതമായ മനുഷ്യാവകാശ ലംഘനമാണ് നിലവിലെ ഹിജാബ് നിരോധത്തിലൂടെ ഭരണകൂടം നടത്തുന്നത് എന്ന് വിശിഷ്ടാതിഥിയായി പങ്കെടുത്ത ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് നജ്ദ റൈഹാൻ പറഞ്ഞു. യൂണിഫോമിറ്റിയുടെയും ക്രമസമാധാനത്തിന്റെയും പേരിൽ അവരെ അപമാനിക്കുകയാണ്. വിദ്യാഭ്യാസം, വിശ്വാസം എന്നീ രണ്ട് മൗലികാവകാശങ്ങളിൽ ഏതെങ്കിലും ഒന്ന് മാത്രം തെരഞ്ഞെടുക്കാൻ നിർബന്ധിതമാക്കപ്പെടുന്ന അത്യന്തം നിർണായകവും നിർഭാഗ്യകരവുമായ അവസ്ഥയിലാണ് നിലവിൽ മുസ്ലിം വിദ്യാർത്ഥിനികൾ എന്ന് അവർ പറഞ്ഞു.
ഇന്ന് സമൂഹത്തില്‍ നിലനില്‍ക്കുന്ന ലിംഗപരമായ തൊഴില്‍ വിഭജനം മാറേണ്ടതുണ്ട് എന്ന് വിദ്യാഭ്യാസ സാമൂഹിക മേഖലയിൽ പ്രവർത്തിക്കുന്ന ഷെമിലി പി. ജോൺ പറഞ്ഞു. വിദ്യാഭ്യാസത്തിന്റെ തോതിലും ഘടനയിലും മാറ്റമുണ്ടായിട്ടും കുടുംബത്തിനകത്തും, സമൂഹത്തിലും നിലനില്‍ക്കുന്ന ആണ്‍കോയ്മ താല്പര്യങ്ങള് ശക്തമായ രീതിയില്‍ തന്നെ സ്ത്രീകളുടെ വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനത്തെയും നിലവാരത്തെയും സ്വഭാവത്തെയും സ്വാധീനിക്കുന്നുവെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നതായ് അവർ പറഞ്ഞു. സ്ത്രീകൾ സ്വയം കമ്പോളമാകാതെ അവകാശങ്ങൾ നേടിയെടുക്കാൻ മുന്നോട്ട് വരണം എന്ന് തുടർന്ന് സംസാരിച്ച ഫ്രൻ്റ്സ് ബഹ്റൈൻ സെക്രട്ടറി നദീറ ഷാജി പറഞ്ഞു. സമയോചിതമായി ധീരതയോടെ തീരുമാനങ്ങൾ എടുക്കാൻ കഴിയുക സ്ത്രീ സമൂഹത്തിനാണ് എന്നതിനാൽ അവരുടെ അവകാശങ്ങൾ ചോദിച്ച് വങ്ങാനും അവർക്ക കഴിയേണ്ടതുണ്ട് എന്ന് തുടർന്ന് സംസാരിച്ച വേൾഡ് മലയാളി ഫെഡറേഷൻ ബഹ്റൈൻ വനിതാ വിഭാഗം ഹെഡ് മിനി മാത്യു പറഞ്ഞു. രഞ്ജി സത്യൻ, സിനിമ പിന്നണി ഗായിക പ്രസീത മനോജ് എന്നിവരും സംസാരിച്ചു.ഷിജിന ആഷിക് നിയന്ത്രിച്ച വെബിനാറിൽ പ്രവാസി വെൽഫെയർ സെക്രട്ടറി റഷീദ സുബൈർ സ്വാഗതവും ഹസീബ ഉപസംഹാരവും നടത്തി.