സൗദി അറേബ്യ : ഇന്ത്യയിൽ ജനാധിപത്യത്തിൻറെയും മതേതരത്വത്തിന്റെയും അടിവേരറുക്കുന്നത് ക്വിറ്റ് ഇന്ത്യ പ്രമേയത്തെ ഒറ്റികൊടുത്തവരാണെന്നും ഇന്ന് ഇന്ത്യാ രാജ്യം ഭരിക്കുന്നവരും കേരളം ഭരിക്കുന്നവരും ഇന്ത്യൻ നാഷണൽ കോൺഗ്രസ് ലക്ഷ്യമിട്ട സ്വതന്ത്ര ജനാധിപത്യ മതേതര ജനകീയ സർക്കാർ എന്ന ആശയം തങ്ങളുടെ നിലനിൽപ്പ് അപകടത്തിലാക്കുമെന്ന് മനസ്സിലാക്കി സ്വാതന്ത്ര്യ സമരപരിപാടികൾക്ക് തുരങ്കം വെക്കാൻ കൂട്ട് നിന്നവരാണെന്നും ബ്രിട്ടീഷ്കാരുടെ പാദസേവകരായിരുന്നെന്നും ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്സ് (ഓ ഐ സി സി ) വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി ക്വിറ്റ് ഇന്ത്യാ ദിനാചരണത്തിന്റെ ഭാഗമായി സൂമിൽ സംഘടിപ്പിച്ച സെമിനാറിലെ പ്രാസംഗികർ അഭിപ്രായപ്പെട്ടു.
1942 ആഗസ്ത് 8ന് ബോംബെയിൽ ഏ.ഐ.സി.സി. സമ്മേളനം ചേർന്നു ബ്രിട്ടീഷുകാർ ഇന്ത്യ വിടുക എന്ന പ്രമേയം അംഗീകരിക്കുകയും ഇന്ത്യക്ക് സമ്പൂർണ്ണ സ്വാതന്ത്ര്യമെന്നതിൽ കുറഞ്ഞതൊന്നും സ്വീകാര്യമല്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്ത കോൺഗ്രസ് അഖിലേന്ത്യാ സമ്മേളനം. “പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക” എന്ന വിശ്വവിഖ്യാതമായ ഗാന്ധിജിയുടെ പ്രസംഗം ബോംബെയിലെ ആഗസ്ത് ക്രാന്തി മൈതാനിയിൽ തടിച്ചുകൂടിയ പതിനായിരങ്ങളെ പ്രകമ്പനം കൊള്ളിച്ചിരുന്നു
കോൺഗ്രസ് വിരോധത്തിന്റെ പേരിൽ കമ്മ്യൂണിസ്റ്റുകാർ ഇന്ത്യൻ സ്വാതന്ത്ര്യസമര ഒറ്റുകാരായപ്പോൾ അതിനുളള പ്രത്യുപകാരമായി അവരുടെ മേൽ അന്ന് വരെയുണ്ടായിരുന്ന നിരോധനം ബ്രിട്ടീഷ് അധികാരികൾ നീക്കിക്കൊടുത്തു. കേരളത്തിൽ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് കെ.പി.സി.സി. പ്രസിഡന്റ് ആയിരുന്നപ്പോൾ അദ്ദേഹത്തിന്റെ കീഴിൽ സെക്രട്ടറിയായിരുന്ന ഇ.എം.എസ് നമ്പൂതിരിപ്പാട് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേരുകയും അറസ്റ്റ് ചെയ്യപ്പെടുകയോ ജയിലിലടക്കപ്പെടുകയോ ചെയ്യാതെ രക്ഷപെടുകയും ചെയ്തു.
രാഷ്ട്രീയ സ്വയം സേവകരും (RSS) ഹിന്ദു മഹാസഭയും കോൺഗ്രസ് നയിച്ചിരുന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തത് കമ്മ്യൂണിസ്റ്റുകാരെക്കാൾ മുന്നിൽ നിന്ന് കൊണ്ടായിരുന്നു. എല്ലാ രംഗത്തും ബ്രിട്ടീഷ് അനുകൂല നിലപാടുകൾക്ക് പ്രാമുഖ്യം നല്കി ബ്രിട്ടീഷുകാർക്ക് പാദസേവ ചെയ്യുകയായിരുന്നു ആർ.എസ്.എസ്സും ഹിന്ദു മഹാസഭയും.
ഈ കാലഘട്ടം മറ്റൊരു സ്വാതന്ത്ര്യ സമരത്തിന്റെ വക്കിലെത്തിനിൽക്കുകയാണെന്നും അതിനെ നയിക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് തന്നെ മുന്നിൽ നിൽക്കേണ്ടി വരുമെന്നും സെമിനാർ അഭിപ്രായപ്പെട്ടു. കർഷക സമരങ്ങളെയും എല്ലാവിധ പ്രതിഷേധങ്ങളെയും അടിച്ചമർത്തുന്ന ഫാസിസ്റ്റു ഭരണകൂടത്തിനെതിരെ ക്വിറ്റ് ഇന്ത്യ പ്രമേയത്തിന്റെ അന്തസത്തയും വീര്യവും ഉൾക്കൊണ്ട് സമര രംഗത്ത് ഇറങ്ങാൻ സന്നദ്ധമാവണമെന്നും സെമിനാർ അഭിപ്രായപ്പെട്ടു.
സെമിനാറിൽ ആക്ടിംഗ് പ്രസിഡണ്ട് സാക്കിർ ഹുസൈൻ എടവണ്ണ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് കെ ടി എ മുനീർ ഉത്‌ഘാടനം ചെയ്തു. ഗ്ലോബൽ കമ്മിറ്റി സിക്രട്ടറി റഷീദ് കൊളത്തറ മുഖ്യ പ്രഭാഷണം നടത്തി. ഗ്ലോബൽ കമ്മിറ്റി ജനറൽ സിക്രട്ടറി കെ എം ഷെരീഫ് കുഞ്ഞു, സീനിയർ നേതാക്കളായ ചെമ്പൻ മൊയ്തീൻ കുട്ടി, കുഞ്ഞാലി ഹാജി, പാപ്പറ്റ കുഞ്ഞിമുഹമ്മദ് , അബ്ദുൽ മജീദ് നഹ , കെ പി സി സി ഐ ടി സെൽ കൺവീനർ ഇഖ്ബാൽ പൊക്കുന്നു , അബ്ബാസ് ചെമ്പൻ, കെ പി എം സകീർ, അലി തേക്കുതോട് നാസിമുദ്ദീൻ, ഉണ്ണി പാലക്കാട് എന്നിവർ പ്രസംഗിച്ചു.
ജനറൽ സിക്രട്ടറി നൗഷാദ് അടൂർ സ്വാഗതവും ശ്രീജിത്ത് കണ്ണൂർ നന്ദിയും പറഞ്ഞു.