മനാമ :ആധുനിക ബഹ്റൈന്റെ ശില്പി ബഹ്റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ ദേഹ വിയോഗത്തിൽ ബഹ്റൈൻ ഒഐസിസി ദേശീയകമ്മറ്റി അനുശോചനം രേഖപ്പെടുത്തി.
ഒരു വിവേചനവും ഇല്ലാതെ സ്വദേശികളോടൊപ്പം വിദേശികളെയും ഹൃദയത്തോട് ചേർത്ത് വച്ച ഭരണാധികാരി ആയിരുന്നു.ലോകത്തിലെ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി സ്ഥാനം അലങ്കരിക്കുവാൻ അവസരം ലഭിച്ച വ്യക്തിത്വം ആയിരുന്നു. പുതിയ നൂറ്റാണ്ടിൽ ബഹ്റൈനെ വികസന കുതിപ്പിലേക്ക് നയിക്കുവാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഗവൺ മെന്റിന് സാധിച്ചു. ലോകത്തിലെ എല്ലാ നന്മകളെയും സ്വന്തം രാജ്യത്ത് നടപ്പിലാക്കുവാൻ അദ്ദേഹം പ്രയത്നിച്ചിരുന്നു. ബഹ്റൈനിൽ ജീവിക്കുന്ന ഒരു മനുഷ്യനും ഒരു വിവേചനവും നേരിടുന്നില്ല എന്നതാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഗവണ്മെന്റിന്റെ ഏറ്റവും വലിയ മഹത്വം. നമ്മുടെ രാജ്യത്ത് ഉത്തരപ്രദേശിൽ ദളിത് വിഭാഗത്തിൽ പെട്ട വ്യക്തിക്ക് ആശുപത്രിയിൽ വച്ച് മരണപ്പെട്ട ഭാര്യയുടെ മൃതദേഹം ചുമന്ന്കൊണ്ട് കിലോമീറ്ററുകളോളം പോകേണ്ട അവസ്ഥ ലോകം മുഴുവൻ ചർച്ച ചെയ്ത കാര്യമാണ്. ആ കുടുംബത്തെ സാമ്പത്തികമായി സഹായിക്കുവാൻ തയാറായ,ഹൃദയ വിശാലതകൊണ്ട് ലോകത്തെ കീഴടക്കിയ മഹാനായ ഭരണാധികാരി ആയിരുന്നു അദ്ഹമെന്ന് ഒഐസിസി ബഹ്റൈൻ ദേശീയകമ്മറ്റി അനുസ്മരിച്ചു.
പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ വിയോഗം ബഹ്റൈനിലെ പ്രവാസി സമൂഹത്തിന് തീരാ നഷ്ടമാണെന്ന് ഒഐസിസി ബഹ്റൈൻ ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അനുസ്മരിച്ചു. കാലാകാലങ്ങളിൽ പ്രവാസികൾ നേരിട്ടുകൊണ്ടിരുന്ന പ്രശ്നങ്ങൾ പഠിക്കുന്നതിനും, അവ പരിഹരിക്കുന്നതിന് വേണ്ട നിയമ നിർമ്മാണം നടത്തുന്നതിനും, നടപ്പിലാക്കുന്നതിനും ബഹ്റൈൻ പ്രധാനമന്ത്രി ലോകത്തിനു തന്നെ മാതൃകയാണെന്നും അനുസ്മരിച്ചു.