ജിദ്ദ: സൗദി അറേബ്യയിലെ ട്രാഫിക് പിഴ കുടിശ്ശികയില്‍ പ്രഖ്യാപിച്ച 50 ശതമാനം ഇളവ് ആറുമാസം കൂടി നീട്ടിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കാലാവധി ഇന്ന് ഒക്ടോബര്‍ 18ന് അവസാനിക്കാനിരിക്കെയാണ് ഇളവ് നീട്ടിക്കൊണ്ടുള്ള തീരുമാനം പ്രഖ്യാപിച്ചത്. പുതിയ ഉത്തരവ് പ്രകാരം 2025 ഏപ്രില്‍ 18 വരെയാണ് ഇളവോട് കൂടി പിഴ കുടിശ്ശിക അടയ്ക്കാനുള്ള അവസരം നീട്ടി നല്‍കിയിരിക്കുന്നത്.
സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും നിര്‍ദേശ പ്രകാരമാണ് പിഴ ഇളവ് ആറു മാസം കൂടി നീട്ടിയതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 2024 ഏപ്രില്‍ 18ന് മുൻപ് നടത്തിയ എല്ലാ ട്രാഫിക് നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകള്‍ക്കുമാണ് ഈ ഇളവ് ബാധകമാവുക. ഓരോ ലംഘനത്തിനും ഒറ്റത്തവണയായോ അല്ലാതെയോ പിഴ അടയ്ക്കാന്‍ പദ്ധതി പ്രകാരം സൗകര്യമുണ്ടാകും. അതേസമയം ഏപ്രില്‍ 18നു ശേഷമുള്ള പുതിയ പിഴകള്‍ക്ക് 25 ശതമാനം ഇളവും അനുവദിച്ചിട്ടുണ്ട്.