മസകറ്റ്. സുഹാറിനെയും അബൂദബിയെയും ബന്ധിപ്പിക്കുന്ന റെയിൽവേ പദ്ധതി ഏഴു വർഷത്തിനകം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഗതാഗത, വാർത്തവിനിമയ, വിവരസാങ്കേതിക മന്ത്രി എൻജിനീയർ സയീദ് ഹമൂദ് അൽ മഅ്വാലി പറഞ്ഞു. ഒമാൻ റെയിലിന്റെയും ഇത്തിഹാദ് റെയിലിന്റെയും ഡയറക്ടർ ബോർഡ് ആദ്യ യോഗം ഈ മാസം നടക്കും.
പാസഞ്ചർ ട്രെയിനിൽ പ്രതിദിനം 12,000 യാത്രക്കാരെയും ചരക്കുവണ്ടിയിൽ 2,50,000 കണ്ടെയ്‌നറുകളെയും വഹിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരു രാജ്യങ്ങളുടെയും തുല്യ പങ്കാളിത്തത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. പദ്ധതി യാഥാർഥ്യമാകുന്നതോടെ ഇരു രാജ്യങ്ങളിലെയും ഗതാഗതത്തിന്റെയും ചരക്ക് നീക്കത്തിന്റെയും ചലനം വർധിപ്പിക്കും.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര വിനിമയത്തിന്റെ അളവ് ഉയരുകയും ചെയ്യും. വ്യവസായങ്ങളുടെ പ്രാദേശികവത്കരണത്തിന് പദ്ധതി നിർണായകമാണെന്നും മന്ത്രി പറഞ്ഞു.യു.എ.ഇ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ സായിദിന്‍റെ ഒമാൻ സന്ദർശനത്തിന്‍റെ ഭാഗമായാണ് സുഹാർ-അബൂദബി റെയിൽപാതക്ക് പച്ചക്കൊടി വീശിയത്. ഏകദേശം 1.160 ശതകോടി റിയാൽ ചെലവിൽ 303 കി.മീറ്റർ ദൂരത്തിലാണ് പദ്ധതി ഒരുക്കുക.
ഉയർന്ന അന്താരാഷ്ട്ര സുരക്ഷയും പാരിസ്ഥിതിക മാനദണ്ഡങ്ങളും സ്വീകരിച്ചായിരിക്കും നിർമാണം. മണിക്കൂറിൽ 200 കിലോമീറ്റർ വേഗമായിരിക്കും പാസഞ്ചർ ട്രെയിനിനുണ്ടാവുക. ചരക്ക് ട്രെയിനുകളുടെ വേഗം മണിക്കൂറിൽ 120 കിലോമീറ്ററായിരിക്കും. പദ്ധതി യാഥാർഥ്യമാകുന്നതോടെ സുഹാറിൽനിന്ന് ദുബൈയിലേക്ക് 100 മിനിറ്റുകൊണ്ടും അൽ ഐനിലേക്ക് 47 മിനിറ്റുകൊണ്ടും എത്താൻ സാധിക്കും.
അതേസമയം, ഗതാഗത, ലോജിസ്റ്റിക് മേഖലയുമായി ബന്ധപ്പെട്ട നിരവധി ദീർഘകാല, ഹ്രസ്വകാല പദ്ധതികൾ അടുത്തിടെ ഒമാൻ നടത്തിക്കൊണ്ടിരിക്കുകയാണ്. സുൽത്താനേറ്റും സൗദി അറേബ്യയും തമ്മിൽ ഈ വിഷയങ്ങളിൽ കഴിഞ്ഞ മാസം ചർച്ച നടത്തുകയും ചെയ്തിരുന്നു. എംപ്റ്റി ക്വാര്‍ട്ടര്‍ മരുഭൂമിയിലൂടെ സൗദിയെയും ഒമാനെയും ബന്ധിപ്പിക്കുന്ന പാതയിലൂടെ ഈ വർഷം സെപ്റ്റംബറിൽ നാലു ലക്ഷത്തോളം പേർ യാത്ര ചെയ്തതായി മഅ്വാലി ഈ യോഗത്തിന് ശേഷം പറഞ്ഞിരുന്നു.
അടുത്ത അഞ്ച് വര്‍ഷത്തിനകം യാത്രക്കാരുടെ എണ്ണവും ചരക്കുകടത്തും മൂന്നിരട്ടി വരെ വര്‍ധിക്കും. അഞ്ച് ലക്ഷം ടണ്ണോളം ചരക്കുനീക്കവും ഈ വർഷം സെപ്റ്റംബർ ആദ്യവാരം വരെ നടന്നിട്ടുണ്ട്.