അബുദാബി: ഔദ്യോഗിക സന്ദര്‍ശനത്തിനായി യു എ ഇ യിൽ എത്തിയ ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് നെ യുഎഇ വിദേശകാര്യ – അന്താരാഷ്‍ട്ര സഹകരണ മന്ത്രി ശൈഖ് അബ്‍ദുല്ല ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ സ്വീകരിച്ചു. അബുദാബി സ്‍പേസ് ഡിബേറ്റില്‍ പങ്കെടുക്കാനായാണ് ഇസ്രയേല്‍ പ്രസിഡന്റിന്റെ സന്ദര്‍ശനം .
അബുദാബി അല്‍ ശാതി കൊട്ടാരത്തില്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍, ഇസ്രയേല്‍ പ്രസിഡന്റിനെയും പത്നിക്കും സ്വീകരണം നൽകി . യുഎഇയും ഇസ്രയേലും തമ്മിലുള്ള സഹകരണത്തെക്കുറിച്ചും മേഖലയില്‍ പുരോഗതിയും സ്ഥിരതയും ഉറപ്പാക്കുന്നതിലുള്ള താത്പര്യവും ഇരു നേതാക്കളും കൂടിക്കാഴ്ചയിൽ സംസാരിച്ചു .
ബഹിരാകാശ ഗവേഷണ രംഗത്ത് ആശയവിനിമയവും സഹകരണവും വളര്‍ച്ചയ്‍ക്കായുള്ള അവസരങ്ങളും സാധ്യമാക്കുന്നതില്‍ അബുദാബി സ്‍പേസ് ഡിബേറ്റിനുള്ള പ്രാധാന്യം ചര്‍ച്ചകളില്‍ വിഷയമായി. യുഎഇയും ഇസ്രയേലും തമ്മില്‍ ബഹിരാകാശ രംഗത്ത് സഹകരിക്കേണ്ടതിന്റെ ആവശ്യകതകളും കൂടിക്കാഴ്ചയിൽ സംസാരിച്ചു . യുഎഇ വിദേശകാര്യ – അന്താരാഷ്‍ട്ര സഹകരണ മന്ത്രി ശൈഖ് അബ്‍ദുല്ല ബിന്‍ സായിദ് അല്‍ നഹ്‍യാന്‍, ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍, പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് സ്‍പെഷ്യല്‍ അഡ്വൈസര്‍ ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ തനൂന്‍ അല്‍ നഹ്‍യാന്‍, ഇസ്രയേലിലെ യുഎഇ അംബാസഡര്‍ മുഹമ്മദ് മഹ്‍മൂദ് അല്‍ ഖാജ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.