മനാമ: “യുവത്വം നിർവ്വചിക്കപ്പെടുന്നു” എന്ന വിഷയത്തെ ആസ്പദമാക്കി മലപ്പുറത്ത് വെച്ച് വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ നടന്ന യൂത്ത് കോൺഫെറെൻസിന്റെ പ്രചരണാർത്ഥം റയ്യാൻ സെന്ററിൽ വെച്ച് നടന്ന സമ്മേളനം അംഗങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.സെന്റർ ജനറൽ സെക്രട്ടറി രിസലുദ്ദീൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സി. എം. അബ്ദു ലത്വീഫ് സ്വാഗതം പറഞ്ഞു.”ജീവിതം അടയാളപ്പെടുത്തുക” എന്ന വിഷയത്തെ അധികരിച്ച് സാദിഖ് ബിൻ യഹ്‌യ, “ചരിത്രത്തിലെ യുവാക്കൾ” എന്ന വിഷയത്തിൽ സമീർ ഫാറൂഖി, “യുവത്വം നിർവ്വചിക്കപ്പെടുന്നു” എന്ന വിഷയത്തെ ആസ്പദമാക്കി ഷെഫീഖ് സ്വലാഹി എന്നിവർ സംസാരിച്ചു. ആധുനികതയുടെ അതിപ്രസരത്തിൽ സർവ്വ മേഖലകളിലും ഉള്ള യുവാക്കൾ നേരിടുന്ന മൂല്യച്യുതി അതിന്റെ പാരമ്യത്തിലാണെന്ന് യോഗം വിലയിരുത്തി. പ്രപഞ്ച നാഥന്റെ അദ്ധ്യാപനങ്ങളിലേക്കുള്ള ഒരു തിരിച്ചു പോക്ക് മാത്രമേ ഇതിനൊരു പരിഹാരമുള്ളൂ എന്നും അതിന് യുവാക്കൾ വർദ്ധിത വീര്യത്തോടെ മുന്നോട്ട് വരണമെന്നും യോഗം ആവശ്യപ്പെട്ടു.ഉസ്താദ് യഹ്‌യ സി.ടി., ബിനു ഇസ്മാഈൽ എന്നിവർ സംസാരിച്ചു.സുഹാദ് ബിൻ സുബൈർ നന്ദി പ്രകാശിപ്പിച്ചു.