ഹൃദയം നെഞ്ചിന് പുറത്തായി ജനിച്ച ഏഴുവയസുകാരിയെ കാണണോ?

virsaviya_760x400ഏതൊരു ജീവന്റെയും അടിസ്ഥാനം ഹൃദയമാണ്. ഹൃദയത്തിന് എന്തെങ്കിലും തകരാര്‍ സംഭവിച്ചാല്‍ ജീവന്‍ പോലും അപകടത്തിലാകും. ഹൃദയത്തിന് കൂടുതല്‍ സുരക്ഷ ലഭിക്കുന്നതിനാണ് നമ്മുടെ ശരീരപ്രകൃതിയില്‍ നെഞ്ചിലെ എല്ലിന്‍കൂടിനകത്തായി ഹൃദയം സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ഹൃദയം നെഞ്ചിന് പുറത്തായാലോ? റഷ്യയിലെ ഗോഞ്ചരോവ സ്വദേശിനിയായ വിര്‍സാവിയ എന്ന ഏഴു വയസുകാരിയുടെ കഥയാണ് ഇനി പറയാന്‍ പോകുന്നത്. നൃത്തം ചെയ്യാനും പാട്ടുപാടാനും ചിത്രം വരയ്‌ക്കാനുമൊക്കെ ഒത്തിരി ഇഷ്‌ടമുള്ള സുന്ദരി പെണ്‍കുട്ടി. എന്നാല്‍ അവളെ കാണുന്ന ഒരാള്‍ക്ക്, അവള്‍ക്കതിനൊക്കെ സാധിക്കുമോയെന്ന് തോന്നും. അതിനുള്ള കാരണം എന്താണെന്ന് വെച്ചാല്‍ വിര്‍സാവിയ ജനിക്കുമ്പോള്‍, ഹൃദയം വയറിന്റെ ഭാഗത്തായാണ് ഉണ്ടായിരുന്നത്. ലോകത്ത് അത്യപൂര്‍വ്വം പേരില്‍ മാത്രം കാണപ്പെടുന്ന തൊറാസൊ അബ്ഡോമിനല്‍ സിന്‍ഡ്രോം അഥവാ പാന്തളോജി ഓഫ് കാന്‍ട്രെല്‍ എന്ന അവസ്ഥയാണ് വിര്‍സാവിയയ്‌ക്ക് സംഭവിച്ചത്. നിലവില്‍ ഈ ഭൂലോകത്ത് തൊറാസൊ അബ്ഡോമിനല്‍ സിന്‍ഡ്രോം എന്ന അവസ്ഥയുള്ളത് വിര്‍സാവിയയ്‌ക്ക് മാത്രമാണ്. വിര്‍സാവിയയെ കാണുന്ന ഒരാള്‍ക്ക് അവളുടെ ഹൃദയവും അതിന്റെ പ്രവര്‍ത്തനങ്ങള്‍ പോലും നേരിട്ട് കാണാനാകും. വളരെ നേര്‍ത്ത ഒരു ചര്‍മ്മം മാത്രമാണ് അവളുടെ ഹൃദയത്തെ പൊതിഞ്ഞിരിക്കുന്നത്. സാധാരണ മനുഷ്യര്‍ക്ക് ശക്തമായ ഒരു എല്ലിന്‍കൂട് ഹൃദയത്തിന് കവചമൊരുക്കുമ്പോഴാണ് ഇതെന്ന് ഓര്‍ക്കണം.

virsaviya1-rr1R1

വിര്‍സാവിയ ജനിക്കുന്ന സമയത്ത്, ഈ കുട്ടി കൂടുതല്‍ നാള്‍ ജീവിക്കില്ലെന്നായിരുന്നു ഡോക്‌ടര്‍മാര്‍ വിധിയെഴുതിയത്. ഇതേത്തുടര്‍ന്ന് കൂടുതല്‍ വിദഗ്ദ്ധ ചികില്‍സയ്‌ക്കായി മാതാപിതാക്കള്‍ അവളെയുംകൊണ്ട് അമേരിക്കയിലേക്ക് പോയി. എന്നാല്‍ അവിടുത്തെ ഡോക്‌ടര്‍മാരൊക്കെ കൈയൊഴിഞ്ഞു. ഒന്നും ചെയ്യാനാകില്ലെന്നായിരുന്നു ഡോക്‌ടര്‍മാരുടെ മറുപടി. തന്നെയുമല്ല, വിര്‍സാവിയ വളരെ വേഗം മരിക്കുമെന്ന് അമേരിക്കയിലെ ഡോക്‌ടര്‍മാരും പറഞ്ഞു. ഹൃദയത്തിന് സംഭവിക്കുന്ന ചെറിയൊരു ക്ഷതം പോലും മരണത്തിലേക്കുള്ള വാതില്‍ തുറക്കും. ഒന്നു തട്ടുകയോ മറിഞ്ഞുവീഴുകയോ ചെയ്‌താല്‍ എല്ലാം കഴിയും. എന്നാല്‍ റഷ്യയിലേക്ക് തിരിച്ചെത്തിയശേഷം വിര്‍സാവിയയെ അവളുടെ മാതാപിതാക്കള്‍ പൊന്നുപോലെ നോക്കി. ഹൃദയത്തിന് ഒന്നും സംഭവിക്കാത്തതരത്തിലുള്ള നേര്‍ത്ത വസ്‌ത്രങ്ങള്‍ ധരിച്ചു. ഉറക്കത്തില്‍ തിരിയാനോ ചെരിയാനോ കഴിയാത്തവിധമുള്ള കിടക്ക സജ്ജീകരിച്ചു. അങ്ങനെ ആ മാതാപിതാക്കള്‍ അവള്‍ക്കുവേണ്ടി ജീവിച്ചു. അവളെ കണ്ണിലെ കൃഷ്‌ണമണിപോലെ കാത്തു.

virsaviya2-s9clb

ഇപ്പോള്‍ വിര്‍സാവിയയ്‌ക്ക് ഏഴു വയസായി. വീണ്ടും ഒരിക്കല്‍ക്കൂടി ആധുനിക വൈദ്യശാസ്‌ത്രത്തില്‍ പ്രതീക്ഷ അര്‍പ്പിച്ച് വിര്‍സാവിയയും മാതാപിതാക്കളും അമേരിക്കയിലേക്ക് വന്നിരിക്കുകയാണ്. ഹോളിവുഡിലെ ഹൃദ്രോഗ ആശുപത്രിയിലെ ശസ്‌ത്രക്രിയയിലൂടെ ഹൃദയം നെഞ്ചിനുള്ളില്‍ സ്ഥാപിക്കാമെന്നാണ് ഡോക്‌ടര്‍മാര്‍ പറയുന്നത്. എന്നാല്‍ രക്തസമ്മര്‍ദ്ദം വളരെ കുറച്ചാല്‍ മാത്രമെ ഈ ശസ്‌ത്രക്രിയ ചെയ്യാനാകൂ. അതിനുള്ള മരുന്നുകള്‍ കഴിച്ച് ഹോളിവുഡിലെ ആശുപത്രി മുറിയിലാണ് വിര്‍സാവിയ ഇപ്പോഴുള്ളത്. നിരവധി ശസ്‌ത്രക്രിയയിലൂടെ മാത്രമെ വിര്‍സാവിയയുടെ ഹൃദയം തല്‍സ്ഥിതിയിലാക്കാന്‍ സാധിക്കും. എല്ലാം അതിസങ്കീര്‍ണമായ ശസ്‌ത്രക്രിയകളാണ്. മാസങ്ങളോളം അവള്‍ക്ക് ഹോളിവുഡിലെ ആശുപത്രിയില്‍ തന്നെ കഴിയേണ്ടിവരും.
എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ച് വിറസാവിയ ജീവിതത്തിലേക്ക് തിരിച്ചുവരട്ടെ. അവള്‍ക്ക് മതിവരുവോളം നൃത്തം ചെയ്യാനും പാട്ടുപാടാനും ചിത്രങ്ങള്‍ വരയ്‌ക്കാനും സാധിക്കട്ടെ…