ദമ്മാം : ഈ വർഷത്തെ ഹജിന് പെർമിറ്റില്ലാതെ മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും നുഴഞ്ഞുകയറാൻ ശ്രമിച്ച് പിടിയിലായ 356 നിയമ ലംഘകർക്ക് ഇതുവരെ പിഴകൾ ചുമത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവർക്ക് ഓരോരുത്തർക്കും 10,000 റിയാൽ തോതിൽ പിഴ ചുമത്തി. പെർമിറ്റില്ലാത്തവരെ നാളെ വരെ വിശുദ്ധ ഹറമിലും ഹറമിനടുത്ത പ്രദേശങ്ങളിലും പുണ്യസ്ഥലങ്ങളിലും പ്രവേശിക്കാൻ അനുവദിക്കില്ല. ഹജ് തീർഥാടകരുടെ സുരക്ഷയെ ബാധിക്കുന്ന ഒരു അനിഷ്ട സംഭവവും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. എല്ലാവരും മുൻകരുതൽ, പ്രതിരോധ നടപടികൾ പാലിക്കണം. പെരുന്നാൾ ദിവസങ്ങളിൽ കുടുംബ ഒത്തുചേരലുകളിൽ നിശ്ചിത എണ്ണം പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. അതേസമയം, കഴിഞ്ഞ ദിവസം വരെ പുണ്യസ്ഥലങ്ങളിലെ ആശുപത്രികളിലെ ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകളിൽ 651 തീർഥാടകർ എത്തിയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അൽഅബ്ദുൽആലി പറഞ്ഞു. 26 പേരെ ആശുപത്രികളിൽ അഡ്മിറ്റ് ചെയ്തു. 396 പേർ അത്യാഹിത വിഭാഗങ്ങളെ സമീപിച്ചു. കൊടുംചൂട് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളുമായി 37 പേരും ചികിത്സയും ആരോഗ്യ പരിചരണങ്ങളും തേടി. ആറു തീർഥാടകർക്ക് വിജയകരമായി ആഞ്ചിയോപ്ലാസ്റ്റി നടത്തിയതായും ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു
ഹജ് പെർമിറ്റില്ലാതെ മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും നുഴഞ്ഞുകയറി പിടിയിലായവർക്ക് പിഴ ചുമത്തി
By : Mujeeb Kalathil