മനാമ: ഇന്ത്യന്‍ സ്കൂള്‍ ഗ്രൗണ്ടില്‍ സുന്നീ ഔഖാഫിെൻറ നേതൃത്വത്തിൽ മലയാളികള്‍ക്കായി നടത്തിയ ഈദ് ഗാഹില്‍ ആയിരങ്ങള്‍ അണിനിരന്നു. തണലും ഇളം തണുപ്പും നിറഞ്ഞ കാലാവസ്ഥയിൽ ഈദ്ഗാഹിലേക്ക് വിശ്വാസികൾ ഏറെ സന്തോഷത്തോടെയും ആവേശത്തോടെയുമാണ് എത്തിയത്. പുലർച്ചെ തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നൊഴുകിയത്തെിയവര്‍ രാവിലെ 5.28നു നമസ്കാരത്തിനായി അണിനിരന്നു. ശാന്തമായ കാലാവസ്ഥയിൽ ഈദ് പ്രഭാഷണം കൂടി ശ്രവിച്ച ശേഷമാണ് വിശ്വാസികള്‍ പരസ്പരം ആലിംഗനം ചെയ്തും സാഹോദര്യവും സ്നേഹവും കൈമാറിയും പിരിഞ്ഞു പോയത്. മലയാളികള്‍ ഏറ്റവും കൂടുതല്‍ സംഗമിക്കുന്ന ഈദ് ഗാഹാണ് ഇന്ത്യന്‍ സ്കൂളിലേത്. വീട്ടുകാരും കുടുംബങ്ങളും ഒന്നിച്ച് കണ്ടുമുട്ടുകയും ബന്ധം പുതുക്കുകയും ചെയ്യുന്ന സംഗമമായി മാറാന്‍ ഇതിന് സാധിച്ചിട്ടുണ്ട്.ബഹ്‌റൈനിലെ പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ സഈദ് റമദാൻ നദ്‌വി പെരുന്നാൾ നമസ്‌കാരത്തിനും ഖുതുബക്കും നേതൃത്വം നൽകി. ദൈവിക മഹത്വം പ്രകീർത്തിച്ച് വിശ്വാസ പ്രഖ്യാപനം നടത്തുന്ന ആഘോഷമാണ് പെരുന്നാൾ എന്ന് അദ്ദേഹം പ്രസ്‌താവിച്ചു. വിശ്വാസം ഊട്ടിയുറപ്പിക്കാനും പ്രതിസന്ധികള്‍ വകഞ്ഞുമാറ്റി മുന്നേറാനും റമദാന്‍ കരുത്തേകിയിട്ടുണ്ട്. പ്രവാചകന്‍മാര്‍ നിലകൊണ്ട ആശയാദര്‍ശത്തില്‍ അടിയുറച്ച് നിലകൊള്ളാനും അതിന് മുന്നിലുള്ള പ്രതിസന്ധികള്‍ അതിജീവിക്കാനും സാധിക്കണം. വിശ്വാസി സമൂഹം ആഗോള തലത്തില്‍ നേരിട്ടു കൊണ്ടിരിക്കുന്ന പലവിധ പ്രതിസന്ധികളുടെയും ആഴം വളരെ വലുതാണ്. എന്നാല്‍ അത്തരം സന്ദര്‍ഭങ്ങളില്‍ പതറാതെ സ്ഥിര ചിത്തതയോടെ നിലകൊള്ളുമ്പോഴാണ് ദൈവിക സഹായം ലഭിക്കുന്നത്. തിന്മയെ ഏറ്റവും മികച്ച നന്മയിലൂടെയാണ് പ്രതിരോധിക്കേണ്ടത്. വ്രതാനുഷ്ഠാനത്തിന്റെ പവിത്രത വരും മാസങ്ങളില്‍ നിലനിര്‍ത്താൻ സാധിക്കണം. ആഘോഷാവസരങ്ങൾ ബന്ധങ്ങള്‍ കൂടുതൽ ഊഷ്മളമാക്കാന്‍ വിനിയോഗിക്കണം. ദൈവ താല്പര്യത്തിനനുസൃതമായി തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളെ പുതുക്കിപ്പണിയാനും വിശ്വാസികൾക്ക് സാധിക്കണം. അതിനു കൂടി പ്രചോദിപ്പിക്കേണ്ടതാണ് കഴിഞ്ഞ ഒരു മാസം നാം അനുഷ്ടിച്ച നോമ്പ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈദ് ഗാഹ് സംഘാടക സമിതി കൺവീനർ പി.പി.ജാസിർ, എം.അബ്ബാസ്, യൂനുസ് രാജ്, എ.എം ഷാനവാസ്, സുബൈർ എം.എം, മുഹമ്മദ് ഷാജി, വി.കെ.അനീസ്, അബ്ദുല്‍ ജലീല്‍, ഫാറൂഖ് വി.പി, സമീർ മനാമ, മുഹമ്മദ് ഷമീം, സജീർ കുറ്റിയാടി, മുഹമ്മദ് കുഞ്ഞി, ജുനൈദ്, സിറാജ് കിഴുപ്പള്ളിക്കര, ബാസിം മുഹമ്മദ്, മുഹമ്മദ് മിൻഹാജ്, ജലീൽ, മൂസ കെ.ഹസൻ, ലത്തീഫ് കടമേരി, ജാബിർ പയ്യോളി, എൻ.കെ. അൽതാഫ്, അബ്ദുറഹീം, അജ്മൽ ശറഫുദ്ധീൻ , ഇർഫാൻ, അബ്ദുൽ അഹദ്, ഷൗക്കത്ത്, സഫീർ, അബ്ദുൽ നാസർ, അബ്ദുൽ ഹക്കീം, റഫീഖ് മണിയറ, കെ.പി.സമീർ, സലാഹുദ്ധീൻ, ഷാക്കിർ, നൗഷാദ്, ലത്തീഫ്, ഷംനാദ്, ഇജാസ് മൂഴിക്കൽ, ഷുഹൈബ്, റഹീസ്, സാജിദ സലീം, ഷൈമില നൗഫൽ , ഡോ.ലുബ്‌ന, റഷീദ സുബൈർ, നൗഷാദ് വി.പി, ഫാത്തിമ സ്വാലിഹ്, രേഷ്‌മ സുഹൈൽ, സമീറ നൗഷാദ്, തുടങ്ങിയവര്‍ ഈദ്ഗാഹിന് നേതൃത്വം നല്‍കി.