മനാമ: കാൻസർ രോഗികൾക്ക് കീമോ തെറാപ്പി ചികിത്സയുടെ ഭാഗമായി മുടി കൊഴിയുമ്പോൾ ഉപയോഗിക്കാനായി വിഗ് ഉണ്ടാക്കുവാൻ ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് തങ്ങളുടെ മുടി ദാനം ചെയ്തു മൂന്ന് കൊച്ചു സഹോദരിമാർ മാതൃകയായി.ആലപ്പുഴ കുട്ടനാട് സ്വദേശി സുരേഷ് കുമാർ ശശിധരന്റെയും നിഷ സുരേഷിന്റെയും മക്കളായ ദേവഗംഗ സുരേഷ്, ഭാഗ്യശ്രീ സുരേഷ്, ഭവ്യശ്രീ സുരേഷ് എന്നിവർ ബഹ്‌റൈൻ കാൻസർ സൊസൈറ്റി എക്സിക്യൂട്ടീവ് മാനേജർ അഹ്മദ് അലിക്ക് മാതാപിതാക്കളോടൊപ്പം ബഹ്‌റൈൻ കാൻസർ സൊസൈറ്റിയിൽ വെച്ച് മുടി കൈമാറി. കാൻസർ കെയർ ജനറൽ സെക്രട്ടറി കെ. ടി. സലീമും സന്നിഹിതനായിരുന്നു. മൂന്ന് പേരും ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനികളാണ്.ചുരുങ്ങിയത് 21 സെന്റീ മീറ്റർ നീളത്തിൽ മുടി മുറിച്ചെടുത്ത് ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് ഇത്തരത്തിൽ നൽകാൻ താൽപ്പര്യം ഉള്ളവർക്ക് കാൻസർ കെയർ ഗ്രൂപ്പ് നെ 33750999 എന്ന നമ്പറിൽ ബന്ധപ്പെടാം. തികച്ചും സൗജന്യമായാണ് ബഹ്‌റൈൻ കാൻസർ സൊസൈറ്റി കുട്ടികൾ അടക്കമുള്ള കാൻസർ രോഗികൾക്ക് വിഗ് നൽകി വരുന്നത്.