ബഹ്‌റൈൻ കേരളീയ സമാജത്തിൽ പുലികൾ എത്തുന്നു 29ന് വൈകീട്ട് ഏഴ് മണിക്ക്

മനാമ: ഓണാഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ തൃശൂർ നഗരത്തെ പ്രകമ്പനം കൊള്ളിച്ചുക്കൊണ്ട് അരങ്ങേറുന്ന പുലിക്കളി ഇത്തവണ ബഹ്‌റൈൻ കേരളീയ സമാജത്തിൻ്റെ ഓണാഘോഷങ്ങളുടെ ഭാഗമായി അവതരിപ്പിക്കാനുള്ള വിപുലമായ ശ്രമങ്ങൾ പുരോഗമിക്കുന്നു.ആധുനീക തൃശൂരിൻ്റെ ശിൽപ്പിയും തൃശൂർ പൂരത്തിൻ്റെ ഉപജ്ഞാതാവുമായ മഹാരാജ ശക്തൻതമ്പുരാൻ്റെ നേതൃത്വത്തിൽ തൃശൂരിലെ ജനങ്ങളുടെ പ്രാദേശിക വിനോദ കലയായി വികസിച്ച പുലിക്കളി ഇന്ന് ഓണാഘോഷങ്ങളുടെ അവിഭാജ്യഘടകമാണ്.ശരീരം മുഴുവൻ പുലിസമാനമായ വരകളും കുറികളും കൂടാതെ പുലിമുഖം ധരിച്ച് ചെണ്ടയുടെ രൗദ്ര സംഗീതത്തോടൊപ്പം അരമണി കുലുക്കി ഉത്സവാന്തരീക്ഷത്തിലാണ് നൂറിലധികം പുലിവേഷധാരികൾ അരങ്ങത്ത് എത്തുകയെന്നും കേരളത്തിന് പുറത്ത് വിദേശ രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ പുലിക്കളിയാണ് സമാജത്തിൽ സംഘടിപ്പിക്കുന്നതെന്ന് ബി.കെ.എസ് പ്രസിഡണ്ട് പി.വി.രാധാകൃഷ്ണപിള്ള പറഞ്ഞു.ബഹ്‌റൈൻ കേരളീയ സമാജം ഓണാഘോഷങ്ങളുടെ മുഖ്യ ആകർഷണവും കേരളത്തിലെ പ്രാദേശിക വിനോദ കലാരൂപത്തെ പുതിയ തലമുറക്കും മലയാളി ഇതര സമൂഹത്തിനും പരിചയപ്പെടുത്താനും പുലിക്കളിക്ക് സാധിക്കുമെന്ന് ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ അഭിപ്രായപ്പെട്ടു.ഓണാഘോഷ കമ്മിറ്റി കൺവീനർ സുനേഷ് സാസ്ക്കോ, പുലിക്കളിയുടെ കൺവീനർ അർജ്ജുൻ ഇത്തിക്കാട് എന്നിവരുടെ നേതൃത്വത്തിൽ ചിത്രകലാ ക്ലബിൻ്റെ സഹകരണത്തോടെയാണ് പുലിക്കളികുള്ള വിവിധ ഒരുക്കങ്ങൾ നടന്നുവരുന്നത്. 29 വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിക്ക് ആരംഭിക്കുന്ന പുലിക്കളിയിൽ കേരളത്തിൻ്റെ മുൻ സാംസ്ക്കാരിക വകുപ്പ് മന്ത്രി കെ.സി ജോസഫ് മുഖ്യാഥിതിയായി പങ്കെടുക്കുമെന്ന് സമാജം ഭാരവാഹികൾ അറിയിച്ചു.