ഒമാനിലെ വിനോദ സഞ്ചാര മേഖലയുടെ വളര്‍ച്ച രാജ്യത്തേക്ക് സഞ്ചാരികളുടെ ഒഴുക്കിന് ഇടയാക്കിയെന്ന് കൊളിയേഴ്‌സ് ഇന്റര്‍നാഷനലിന്റെ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം രാജ്യത്തെ വിമാനത്താവളങ്ങളില്‍ എത്തിയ യാത്രക്കാരുടെ എണ്ണത്തില്‍ 17 ശതമാനം വര്‍ധനയുണ്ടായതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
സലാം എയര്‍ സര്‍വീസ് ആരംഭിച്ചതും മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനല്‍ തുറക്കുന്നതും യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടാക്കും. വര്‍ഷത്തില്‍ 12 ദശലക്ഷം യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്നതാണ് പുതിയ വിമാനത്താവള ടെര്‍മിനല്‍. റാസ് അല്‍ ഹദ്ദ് അടക്കമുള്ള പുതിയ വിമാനത്താവളങ്ങളും ജി സി സി റയില്‍ പദ്ധതിയും കൂടുതല്‍ സഞ്ചാരികളെ ഒമാനിലെത്തിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സര്‍ക്കാറില്‍ നിന്ന് ടൂറിസം മേഖലക്ക് ലഭിക്കുന്ന നിക്ഷേപ പിന്തുണ സാധ്യതകളും പ്രതീക്ഷകളും വളര്‍ത്തുന്നതാണ്. പ്രകൃതി, സംസ്‌കാരം, പൈതൃകം, ചരിത്ര പ്രദേശങ്ങള്‍ എന്നിവയെല്ലാം സഞ്ചാരികളെ ആകൃഷ്ടരാക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നു. കഴിഞ്ഞ വര്‍ഷം ഒമാനില്‍ തുടക്കം കുറിച്ചത് നിരവധി മാര്‍ക്കറ്റിംഗ് കമ്പനികളാണ്. ഒമാനില്‍ നിന്നുള്ള നാല് പ്രദേശങ്ങളെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയതും ശ്രദ്ധേയമാണ്. 2040 ടൂറിസം പദ്ധതി രാജ്യത്തിന്റെ വിനോദ സഞ്ചാര മേഖലയുടെ വളര്‍ച്ച ഉറപ്പു നല്‍കുന്നുവെന്നും കൊളിയേഴ്‌സ് ഇന്റര്‍നാഷനലിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.