ഒരു വർഷ കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി ടൂറിസ്​റ്റ്​ വിസയുള്ളവർക്ക്​ കൂടുതൽ ദിവസം രാജ്യത്ത് തങ്ങാം

മസ്കറ്റ്: ഒരു വർഷ കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി ടൂറിസ്​റ്റ്​ വിസയുള്ളവർക്ക്​ നേരത്തേ മൂന്നാഴ്​ച തങ്ങാൻ മാത്രമാണ്​ അനുമതി ഉണ്ടായിരുന്നത്​. ഇപ്പോൾ അത് ഒരാഴ്​ച കൂടി നീട്ടി,ഒരുമാസം വരെ തങ്ങാൻ അനുമതിനൽകുമെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു.മൾട്ടിപ്പിൾ എൻട്രി വിസയുള്ളവർക്ക്​ അതിന്റെ കാലാവധി അവസാനിക്കും വരെ ഒന്നിലധികം തവണ ഒമാനിൽ വരുന്നതിനും ഓരോതവണ വരുമ്ബോഴും ഒരുമാസം വീതം രാജ്യത്ത്​ തങ്ങാനും അനുമതിയുണ്ടായിരിക്കുമെന്ന്​ ആർ.ഒ.പി വക്​താവ്​ അറിയിച്ചു.ആവശ്യമെങ്കിൽ ഒരുമാസം കൂടി താമസാനുമതി നീട്ടാനും സാധിക്കും.വിദേശ താമസ നിയമത്തിൽ ഇതുമായി ബന്ധപ്പെട്ട മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്​. രാജ്യത്തിന്റെ എല്ലാ അംഗീകൃത കവാടങ്ങളിൽ ഇതിന്​ സൗകര്യം ഏർപ്പെടുത്തുമെന്നും പൊലീസ്​ അറിയിച്ചു.വിസാ നിരക്കുകളിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുമുണ്ട്​.സയൻറഫിക്​ റിസർച്ച്​ വിസക്കും സെയിലേഴ്​സ്​ ട്രാൻസിസ്​റ്റ്​ വിസക്കും നിക്ഷേപക വിസക്കും അമ്പത്​ റിയാൽ വീതവും, കുടുംബവിസക്കും സ്​റ്റഡി വിസക്കും മുപ്പത്​ റിയാൽ വീതവും, തൊഴിൽ വിസക്കും ഒരു മാസത്തെ ടൂറിസ്​റ്റ്​ വിസക്കും ഇരുപത്​ റിയാൽ വീതവുമാണ്​ നൽകേണ്ടത്​.