ഒമാനിലെ അനധികൃത തപാൽ സേവനം : മുന്നറിയിപ്പുമായി ടി.ആർ.എ

മസ്കത്ത്. അനധികൃത തപാൽ സേവനങ്ങൾക്കെതിരെ മുന്നറിയിപ്പുമായി ടെലികമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി (ടി.ആർ.എ). ഇത്തരം തപാൽ സേവന ദാതാക്കൾ അവരുടെ പ്രവർത്തനങ്ങൾ ഉടൻ നിർത്തണമെന്നും അല്ലെങ്കിൽ കർശന നടപടി നേരിടേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ലെറ്ററുകൾ, ചെറിയ പാക്കേജുകൾ, പാഴ്സലുകൾ എന്നിവ പോലുള്ള എല്ലാ ഇനങ്ങളും തരംതിരിക്കുക, വിതരണം ചെയ്യുക എന്നിവ ഉൾപ്പെടെയുള്ള സേവനങ്ങൾക്ക് ടെലികമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റിയിൽനിന്ന് ആവശ്യമായ ലൈസൻസ് നേടേണ്ടത് നിർബന്ധമാണ്. ലൈസൻസുള്ള കമ്പനികളുടെ ഓഫിസുകൾ, ശാഖകൾ, ആപ്പുകൾ, ഇ-പ്ലാറ്റ്‌ഫോമുകൾ തുടങ്ങിയ വഴിയാണ് ഈ സേവനങ്ങൾ നൽകുന്നതെങ്കിലും തപാൽ സേവനങ്ങൾക്കായി പ്രത്യേകം ലൈസൻസ് എടുക്കണം. തപാൽ സേവനങ്ങൾ നൽകുന്ന പ്രവർത്തനത്തിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്ന വ്യക്തികൾ, സ്ഥാപനങ്ങൾ അല്ലെങ്കിൽ കമ്പനികൾ ടെലികമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റിയിൽനിന്നുള്ള ലൈസൻസിന് അപേക്ഷിക്കണം.

നിയമത്തിൽ അനുശാസിക്കുന്ന നടപടിക്രമങ്ങളും വ്യവസ്ഥകളും ആർട്ടിക്കിൾ 38 പ്രകാരമുള്ള എക്സിക്യൂട്ടിവ് ചട്ടങ്ങളും ശ്രദ്ധാപൂർവം പരിഗണിച്ചശേഷമായിരിക്കും അധികൃതർ ലൈസൻസ് നൽകുക. ലൈസൻസ് നേടാതെ ഇത്തരം സേവനങ്ങളിൽ ഏർപ്പെട്ടാൽ 1000 റിയാലിൽ കുറയാത്തതും 1,00,000 റിയാലിൽ കൂടാത്തതുമായ പിഴ ചുമത്തും. തെറ്റ് ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കും. തപാൽ സേവനങ്ങൾക്ക് ലൈസൻസ് നൽകിയ കമ്പനികളുടെ പേരുവിവരങ്ങൾ ടെലികമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റിയുടെ വെബ്‌സൈറ്റിൽ (www.tra.gov.om) ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.