മനാമ: രാജ്യത്ത് ട്രെയിനിങ് മൾട്ടി എൻട്രി ഇ-വിസ അനുവദിക്കാൻ തീരുമാനം എടുത്തതായി നാഷനാലിറ്റി പാസ്പോർട്സ് ആൻഡ് റസിഡന്റ്സ് അഫയേഴ്സ് (എൻ.പി.ആർ.എ)വ്യക്തമാക്കി . ആറ് മാസമായിരിക്കും വിസയുടെ കാലാവധി.ട്രെയിനിങ് വിസ എടുക്കുന്നവർക്ക് ആറ് മാസം ബഹ്റൈനിൽ താമസിക്കാൻ സാധിക്കും. കൂടാതെ ട്രെയിനിങ് വിസ എടുത്തവർക്ക് വേണമെങ്കിൽ ആറ് മാസത്തേക്ക് കൂടി നീട്ടാനും അവസരമുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ എൻ.പി.ആർ.എ അണ്ടർ സെക്രട്ടറി ശൈഖ് ഹിഷാം ബിൻ അബ്ദുൽ റഹ്മാൻ ആൽ ഖലീഫ അറിയിച്ചു . എൻ.പി.ആർ.എ സേവനങ്ങൾ വ്യാപിപ്പിക്കുന്നതിനും മന്ത്രിസഭ പ്രഖ്യാപിച്ച സാമ്പത്തിക പുനരുജ്ജീവനത്തിനുമായി ആരംഭിച്ച 24 പദ്ധതികളുടെ ഭാഗമായാണ് പുതിയ വിസ സംവിധാനം .വിസ ഫീസ് 60 ദീനാറാണ്.സർക്കാർ, സ്വകാര്യ മേഖലകളിൽ പരിശീലകർക്കും പരിശീലനത്തിനും വിസ ലഭിക്കുന്നതാണ്. അപേക്ഷകർ ബന്ധപ്പെട്ട സ്ഥാപനത്തിൽനിന്ന് പരിശീലനം സംബന്ധിച്ച കത്തും ആറ് മാസത്തിലധികം കാലാവധിയുള്ള പാസ്പോർട്ടിന്റെ പകർപ്പും അപേക്ഷയോടൊപ്പം നൽകണം .
www.evisa.gov.bh എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം.