മസ്കറ്റ് :ഒമാനിലേക്ക് നിയന്ത്രിതമായ മരുന്നുകൾ അല്ലെങ്കിൽ ഡോക്ടർമാർ നിർദേശിച്ച മരുന്നുകൾ കൊണ്ടുവരുന്നവർ മതിയായ രേഖകൾ കൈവശം വെക്കണമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.മാനസിക രോഗത്തിനുള്ള മരുന്നുകൾ,ചുഴലി, ഗുരുതര ത്വക് രോഗങ്ങൾ,ഉറക്ക ഗുളിക, വേദന സംഹാരികൾ,തുടങ്ങിയ മരുന്നുകൾ ആണ് ഇവയിൽ പ്രധാനം.ഒമാനിൽ നിരോധിച്ച നിരവധി മരുന്നുകൾ ഇന്ത്യൻ വിപണിയിൽ തുച്ഛമായ വിലയിൽ സുലഭമാണ്.അതുകൊണ്ടുതന്നെ പ്രവാസികൾആയ നിരവധി രോഗികൾ നാട്ടിൽനിന്നും മരുന്നുകൾ വാങ്ങി മസ്കറ്റ്അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്ക് കൊണ്ടുവരുന്നുണ്ട്. ഓരോ രാജ്യത്തിനും മരുന്നുകളുമായി ബന്ധപ്പെട്ട നിയമങ്ങൾ വ്യത്യസ്ഥമാണ്. എന്നാൽ ഇതുസംബന്ധിച്ച് ഒമാനിലെ ആരോഗ്യ മന്ത്രാലയം പുതിയ നിർദേശങ്ങൾ നൽകിയിരിക്കുകയാണ്.
ചികിത്സതേടിയ ആശുപത്രിയിൽനിന്നുള്ള ആറുമാസത്തിൽ കൂടുതൽ പഴക്കമില്ലാത്ത മെഡിക്കൽ റിപ്പോർട്ടുകൾ കൂടെ കരുതണം. മെഡിക്കൽ റിപ്പോർട്ടിൽ രോഗിയെയും മരുന്നിനെയും കുറിച്ചുള്ള എല്ലാ വിവരങ്ങളും രേഖപ്പെടുത്തിയിരിക്കണം. രോഗിയുടെ പേര്, വയസ്സ്, രോഗനിർണയ വിവരം, മരുന്നുകളുടെ പേര്, ഉപയോഗ രീതി, ഒാരോ മരുന്നുകളുടെയും ആവശ്യമായ എണ്ണം എന്നിവ രേഖപ്പെടുത്തിയിരിക്കണം. മെഡിക്കൽ റിപ്പോർട്ടിന്റെ ഭാഗമായി രോഗിയുടെ ആറുമാസത്തിൽ കൂടുതൽ കാലപ്പഴക്കമില്ലാത്ത ഡോക്ടറുടെ കുറിപ്പടിയും വേണം. കുറിപ്പടിയിൽ രോഗിയുടെ പേര്, വയസ്സ് അടക്കമുള്ള വിവരങ്ങളും ഡോക്ടറുടെ ഒപ്പും പേരും മറ്റ് വിവരങ്ങളും അടങ്ങിയ സീലും നിർബന്ധമായും രേഖപെടുത്തിയിരിക്കണമെന്നും
ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നു.
പാസ്പോർട്ട് കോപ്പി, തിരിച്ചറിയൽ കാർഡ് കോപ്പി എന്നിവയുടെ അംഗീകാരത്തിൽ ഒരുമാസക്കാലത്തെ മരുന്ന് മാത്രമാണ് കൊണ്ടുവരാൻ കഴിയുക. ഇത് തികച്ചും വ്യക്തിപരമായ ആവശ്യങ്ങൾക്ക് മാത്രമായിരിക്കും. ഇതിൽ കൂടുതൽ അളവിൽ മരുന്നുകൾ കൊണ്ടുവരണമെങ്കിൽ ഒമാനിലെ ആരോഗ്യ സ്ഥാപനങ്ങളിൽനിന്ന് ഇൗ മരുന്നുകൾ വീണ്ടും ആവശ്യമാണെന് അംഗീകാരം നേടിയിരിക്കണം. കുറിപ്പടിയിൽ എഴുതിയ മരുന്നുകളോ സമാനമായ മറ്റ് കമ്പനികളുടെ മരുന്നുകളോ മാത്രമാണ് ദീർഘകാലത്തേക്ക് കൊണ്ടുവരാൻ കഴിയുക. രോഗിയുടെ ബന്ധുക്കൾക്ക് മരുന്ന് കൊണ്ടുവരണമെങ്കിൽ രോഗിയുടെ തിരിച്ചറിയൽ കാർഡ് കോപ്പിയും ചുമതലപ്പെടുത്തിക്കൊണ്ടുള്ള കത്തും നൽകിയിരിക്കണം. ഒമാനിൽ സന്ദർശനം നടത്തുന്നവർക്കും ഇൗ നിയമങ്ങളെല്ലാം ബാധകമാണ്. എല്ലാവർക്കും ഒരു മാസക്കാലത്തെ മരുന്നുകൾ മാത്രമാണ് കൊണ്ടുവരാൻ അനുവാദമുണ്ടാവുക. അധികമായി കൊണ്ടുവരുന്ന മരുന്നുകൾ ഡ്രഗ് കൺട്രോൾ വിഭാഗത്തിന്റെ മേൽനോട്ടത്തിൽ നശിപ്പിക്കും.
ലഹരിപദാർഥങ്ങൾ അടങ്ങിയ മരുന്നുകൾ കൊണ്ടുവരുന്നവർ ഡോക്ടർമാരുടെ മതിയായ മെഡിക്കൽ റിപ്പോർട്ടുകൾ ഹാജരാക്കണം.പരമാവധി മൂന്നു മാസക്കാലം വരെ മരുന്നുകൾ ഉപയോഗിക്കാനുള്ള സർട്ടിഫിക്കറ്റും ഇവർ കൊണ്ടുവരണം.പ്രവാസികൾകളെ പോലെതന്നെ നിരവധി സ്വദേശികളും ഇപ്പോൾ മികച്ച ചികിത്സക്ക് വിദേശരാജ്യങ്ങളെ ആശ്രയിക്കാറുണ്ട്, മടങ്ങിവരുന്നവരിൽ നിരവധിപേർ വിലക്കുറവ് കാരണം ആറുമാസത്തെക്കുള്ള മരുന്നുകൾ നാട്ടിൽനിന്ന് കൊണ്ടുവരുന്നവരുന്നുണ്ട് ഇവരയെയും ഈ പുതിയ നിർദേശം ബാധിക്കും.
പ്രമേഹം, രക്തസമ്മർദം തുടങ്ങിയ രോഗങ്ങളുള്ളവർ ആജീവനാന്തം മരുന്നുകൾ കഴിക്കേണ്ടവരാണ്. ഒന്നിലധികം രോഗങ്ങളുള്ള അനേകം രോഗികളുമുണ്ട്. ഇവരെല്ലാം നാട്ടിൽ ചികിത്സ തേടുന്നവരും മരുന്നുകൾ ഒന്നായി നാട്ടിൽനിന്ന് കൊണ്ടുവരുന്നവരുമാണ്. നാട്ടിലെ പല മരുന്നുകളും ഗൾഫിൽ കിട്ടാത്തവയാണെന്നും വില കൂടുതലാണെന്നുമുള്ള പ്രശ്നങ്ങളുമുണ്ട്. അതിനാൽ പലരും നാട്ടിൽനിന്ന് തിരിച്ചുവരുേമ്പാൾതന്നെ അഞ്ചും ആറും മാസത്തേക്കുള്ള മരുന്നുകൾ കൊണ്ടുവരാറാണ് പതിവ്. പിന്നീട് മരുന്നുകൾ തീരുേമ്പാൾ നാട്ടിൽനിന്ന് വരുന്നവരുടെ കൈയിൽ കൊടുത്തയക്കാറുമാണ് പതിവ്. എന്നാൽ, നിയമം ശക്തമാവുന്നത് ഇത്തരക്കാർക്ക് തിരിച്ചടിയാവും.
എങ്കിലും പ്രമേഹം, രക്തസമ്മർദം,കൊളസ്ട്രോൾ തുടങ്ങിയ രോഗങ്ങൾ നാൾക്കുനാൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ മതിയായ രേഖകളുടെ അടിസ്ഥാനത്തിൽ മരുന്നുകൾ കൊണ്ടുവരാം എന്നുള്ളത് ആശ്വാസകരമാണ്.