ദമ്മാം: അവധിക്കായി നാട്ടിൽ പോയി അസുഖം ബാധിച്ച് അകാലത്തിൽ വിട്ട് പിരിഞ്ഞ ദമ്മാമിലെ പ്രമുഖ കാൽപന്ത് സംഘാടകനും ദമ്മാം മാഡ്രിഡ് ഫുട്ബോൾ ക്ലബ്ബിന്റെ ട്രഷററുമായ ഷബീർ വി.പിക്ക് ദമ്മാമിലെ ഫുട്ബോൾ കൂട്ടായ്മയുടെ സ്മരണാഞ്ജലി. ദമ്മാം പാരഗൺ ഓഡിറ്റോറിയത്തിൽ നടന്ന മയ്യിത്ത് നമസ്കാരത്തിലും, അനുശോചന യോഗത്തിലും നൂറ് കണക്കിന് സുഹൃത്തുക്കളും സഹപ്രവർത്തകരും ഒത്ത് ചേർന്നു. മയ്യിത്ത് നമസ്കാരത്തിന് യുവപണ്ഡിതൻ അഷ്റഫ് അഷ്റാഫി നേതൃത്വം നൽകി. തുടർന്ന് നടന്ന അനുശോചന യോഗത്തിൽ മാഡ്രിഡ് ക്ലബ്ബ് രക്ഷാധികാരി റഹീം തിരൂർക്കാട്, ദമ്മാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ രക്ഷാധികാരി മുജീബ് കളത്തിൽ, ദമ്മാം കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് ഹമീദ് വടകര, ഡിഫ വൈസ് പ്രസിഡണ്ട് ഫസൽ ജിഫ്രി, സഹീർ മജ്ദാൽ, നാസർ വെള്ളിയത്ത് തുടങ്ങിയവർ സംസാരിച്ചു. വഴിക്കടവ് സ്വദേശിയും, ദമ്മാമിലെ ഇസ്സാം കബ്ബാനി അക്കൗണ്ടന്റുമായിരുന്ന ഷബീർ കാണുന്നവരോടൊക്കെയും നിറഞ്ഞ പുഞ്ചിരി കൊണ്ടും, നിസ്വാർത്ഥ സ്നേഹം കൊണ്ടും ആത്മബന്ധം സ്ഥാപിച്ചിരുന്ന വ്യക്തിയായിരുന്നുവെന്ന് അനുശോചനയോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ഷബീറിന്റെ അകാലവിയോഗം വിശ്വസിക്കാനാവാത്തതും, ഉൾകൊള്ളാൻ കഴിയാത്തതും, ദമ്മാമിലെ ഫുട്ബോൾ കൂട്ടായ്മക്ക് തീരാനഷ്ടമാണെന്നും ചടങ്ങിൽ പങ്കെടുത്തവരൊക്കെയും അനുസ്മരിച്ചു. ഡിഫ ആക്ടിങ്ങ് പ്രസിഡണ്ട് ഷഫീർ മണലോടി, സക്കീർ വള്ളക്കടവ്, റിയാസ് പറളി, അസ്സു കോഴിക്കോട്, ലിയാഖത്തലി കാരങ്ങാടൻ, റിയാസ് പട്ടാമ്പി, നൗഷാദ് മൂത്തേടം, തുടങ്ങിയവർ സംബന്ധിച്ചു. മാഡ്രിഡ് ക്ലബ്ബ് ഭാരവാഹികളായ ഹാരിസ് നീലേശ്വരം, ഷുക്കൂർ ആലിങ്ങൽ, യൂസുഫ് ചേറൂർ, അമീൻ കണ്ണൂർ, ഇജാസ് രാമനാട്ടുകര, തുടങ്ങിയവർ നേതൃത്വം നൽകി.