റിയാദ്∙ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആദ്യ വിദേശ സന്ദർശനത്തിനായി സൗദി തലസ്ഥാനമായ റിയാദിലെത്തി. അധികാരമേറ്റ ശേഷമുള്ള ട്രംപിന്റെ ആദ്യ വിദേശ സന്ദർശനമാണിത്. ഭരണാധികാരി സൽമാൻ രാജാവ് അടക്കമുള്ള ത വിശിഷ്്ട വ്യക്തികൾ വിമാനതാവളത്തിൽ നേരിട്ടെത്തി ട്രംപിനെ സ്വീകരിച്ചു. തുടർന്ന് സൽമാൻ രാജാവുമായും മന്ത്രിമാരും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുമായും ട്രംപ് നയതന്ത്ര ചർച്ചകൾ തുടങ്ങി. പത്നി മെലാനിയ ട്രംപും ഡോണൾഡ് ട്രംപിന്റെ കൂടെയുണ്ട്. ഡോണൾഡ് ട്രംപും ഇസ്‌ലാമിക ലോകത്തെ നേതാക്കളും പങ്കെടുക്കുന്ന ചരിത്ര പ്രധാന ഉച്ചകോടികൾക്ക് റിയാദിൽ ഏതാനും നിമിഷത്തിനകം തുടക്കമാകും.
ഒന്നിക്കാം, അതിജയിക്കാം എന്ന സന്ദേശമുയർത്തി ഇന്നും നാളെയുമായി മൂന്ന് ഉച്ചകോടികൾക്കാണ് സൗദി അറേബ്യ ആതിഥ്യമരുളുന്നത്.
ഉച്ചകോടികളിൽ ആഗോള സുരക്ഷക്കായുള്ള ഉഭയകക്ഷി പ്രതിബദ്ധത ഉറപ്പിക്കുകയും വ്യാപാര, സാംസ്‌കാരിക, രാഷ്ട്രീയ ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുകയും ചെയ്യും. സൗദി അറേബ്യ – അമേരിക്ക, ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) – അമേരിക്ക, അറബ് ഇസ്‌ലാമിക്അമേരിക്ക എന്നീ തലക്കെട്ടുകളിലാണ് മൂന്ന് സമ്മേളനങ്ങൾ ഒരുക്കിയിരിക്കുന്നത്. സഹിഷ്ണുതയും സഹകരണവും ആശയങ്ങളും പങ്കുവെച്ച് സൗഹൃദത്തിന്റെ ചരിത്രം പുതുക്കി പുതിയ തുടക്കത്തിനുള്ള നാന്ദി കുറിക്കുകയാണ് ഉച്ചകോടികളുടെ ലക്ഷ്യം. എല്ലാവർക്കും ശോഭനമായ ഭാവിയും ഈ ചർച്ചകൾ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
രാജാക്കന്മാരും പ്രസിഡന്റുമാരും അടക്കം 37 രാഷ്ട്ര നേതാക്കളും ആറു പ്രധാനമന്ത്രിമാരുമാണ് സമ്മേളനങ്ങളിൽ സംബന്ധിക്കുന്നത്.
യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിദേശ പര്യടനം ആരംഭിക്കുന്നത് സൗദി സന്ദർശനത്തോടെയാണ്. സൗദിഅമേരിക്ക ഉച്ചകോടിയിൽ സുപ്രധാന കരാറുകൾ ഒപ്പുവക്കും.
ഇസ്‌ലാമിക ലോകവും അമേരിക്കയും തമ്മിലുള്ള ക്രിയാത്മക സംവാദത്തിന്റെ തുടക്കമായാണ് ഇസ്‌ലാമിക്അമേരിക്ക ഉച്ചകോടി വിശേഷിപ്പിക്കപ്പെടുന്നത്. ഭീകര വിരുദ്ധ പോരാട്ടം, അമേരിക്കയും ഇസ്‌ലാമിക രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം, ഇറാന്റെ ശത്രുതാപരമായ രാഷ്ട്രീയം ചെറുക്കൽ എന്നീ കാര്യങ്ങളിൽ അറബ്, ഇസ്‌ലാമിക്, അമേരിക്ക ഉച്ചകോടി ഊന്നൽ നൽകും.
തീവ്ര ആശയങ്ങളെ ചെറുത്തു തോൽപിക്കുന്നതിന് ലോകത്തെ ഒന്നിപ്പിക്കുകയാണ് ഒന്നിക്കാം, അതിജയിക്കാമെന്ന മുദ്രാവാക്യത്തിലൂടെ ലക്ഷ്യമിടുന്നത്. അമേരിക്കയുടെയും ഇസ്‌ലാമിക രാഷ്ട്രങ്ങളുടെയും പങ്കാളിത്തത്തോടെ ജനങ്ങളുടെ ക്ഷേമവും ശക്തമായ സമ്പദ്ഘടനകളും ഉറപ്പാക്കാനാകുമെന്ന് സൗദി അറേബ്യ കരുതുന്നു.