റിയാദ് സീസൺ 2022നു 21നു തുടക്കം; ഒരുക്കുന്നത് വമ്പൻ പരിപാടികൾ

റിയാദ് ∙ റിയാദ് സീസൺ 2022നു ഇൗ മാസം 21നു തുടക്കം കുറിക്കുമെന്ന് ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി (ജിഇഎ) ഡയറക്ടർ ബോർഡ് ചെയർമാൻ തുർക്കി അൽ ഷെയ്ഖ് അറിയിച്ചു. ‘ഭാവനയ്ക്ക് അപ്പുറം’ എന്ന പ്രമേയത്തിൽ കനേഡിയൻ വിനോദ ഭീമനായ സിർക്യു ഡു സോലെയിൽ അവതരിപ്പിക്കുന്ന രാജ്യാന്തര കച്ചേരിയും സർക്കസ് ഷോയും ഫെസ്റ്റിവലിന്റെ ഉദ്ഘാടന ദിവസത്തെ പ്രധാന ആകർഷണമായിരിക്കും. 65 ദിവസം കരിമരുന്ന് പ്രയോഗവും ഉണ്ടായിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

പുതിയ സീസണിലെ പ്രവർത്തനങ്ങൾ 15 സോണുകളിലായി നടക്കുമെന്നും അവയിൽ ഓരോന്നിനും സവിശേഷമായ വിനോദ സവിശേഷതകൾ ഉണ്ടെന്നും തുർക്കി അൽ ഷെയ്ഖ് പറഞ്ഞു. യുഎസ്എ, ഫ്രാൻസ്, ഗ്രീസ്, ഇന്ത്യ, ചൈന, സ്പെയിൻ, ജപ്പാൻ, മൊറോക്കോ തുടങ്ങി ലോകത്തെങ്ങുമുള്ള രാജ്യങ്ങളുടെ സംസ്കാരങ്ങളും പാചകരീതികളും കാണാം.

റിയാദ് സീസൺ 2022 ആദ്യമായി ‘ബൊളുവാർഡ് വേൾഡ്’ സോൺ തുറക്കുന്നതിന് സാക്ഷ്യം വഹിക്കും. കൂടാതെ ലോകത്തെ ഏറ്റവും വലിയ മനുഷ്യ നിർമ്മിത തടാകം ഇവിടെ സ്ഥാപിക്കും. സന്ദർശകർക്ക് മരുഭൂമിയുടെ ഹൃദയഭാഗത്ത് ആദ്യമായി അന്തർവാഹിനി സവാരി ആസ്വദിക്കാനും അവസരമുണ്ട്. തലസ്ഥാന നഗരം, കോംബാറ്റ് വില്ലേജ്, സൂപ്പർ ഹീറോ വില്ലേജ് തുടങ്ങിയ പ്രത്യേക പരിപാടികളുമുണ്ട്.

ഏഴു സൗദി നാടകങ്ങൾ ഉൾപ്പെടെ 25 അറബ്, രാജ്യാന്തര നാടകങ്ങൾ, തത്വചിന്തകനായ യൂസഫ് അൽ തുനയന്റെ നാടകങ്ങൾ, മജീദ് അബ്ദുള്ളയുടെ ‘ഫ്ലേമിങ് ആരോ’ എന്നിവയും അരങ്ങേറും.