അബുദാബി : കോവിഡ് 19 ബാധിച്ച് രണ്ടു പേർ കൂടി മരിച്ചതോടെ യുഎഇയിൽ മരണസംഖ്യ അഞ്ചായി. പുതുതായി 41 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 611 ആയി. ഇവരിൽ രണ്ടുപേരൊഴിച്ച് ബാക്കിയെല്ലാവരുടെയും നില തൃപ്തികരമാണ്. ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം വക്താവ് ഡോ.ഫരീദ ഹൊസനി അബുദാബിയിൽ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, രണ്ടു ഇന്ത്യക്കാരും ഒരു ഫിലിപ്പിനോ സ്വദേശിയും രോഗമുക്തി നേടി. ഇതോടെ ആകെ 61 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. 48 വയസ്സുള്ള അറബ് സ്വദേശിയും 42 വയസ്സുള്ള ഏഷ്യൻ സ്ത്രീയുമാണ് മരിച്ചത്. അറബ് സ്വദേശി ഹൃദയസംബന്ധമായ പ്രശ്നങ്ങളും പ്രമേഹവും നേരിട്ടിരുന്നു. ഏഷ്യൻ സ്വദേശിക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും അധികൃതർ അറിയിച്ചു.