ദുബായ്: വാറ്റ് ( മൂല്യവര്‍ധിത നികുതി) നിയമത്തിലെ ചില വ്യവസ്ഥകള്‍ യുഎഇ കാബിനറ്റ് ഭേദഗതി ചെയ്തതായി ധനമന്ത്രാലയം അറിയിച്ചു. പുതിയ ഭേദഗതി പ്രകാരം മൂന്ന് സേവനങ്ങള്‍ക്ക് വാറ്റ് നികുതിയില്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ട്.നിക്ഷേപ ഫണ്ട് മാനേജ്മെന്‍റ് സേവനങ്ങള്‍, വെര്‍ച്വല്‍ ആസ്തികളുമായി ബന്ധപ്പെട്ട ചില സേവനങ്ങള്‍, ചാരിറ്റബിള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തമ്മിലുള്ള സംഭാവനകള്‍ എന്നിവയാണ് നികുതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട മൂന്ന് സേവനങ്ങള്‍.
12 മാസത്തിനുള്ളില്‍ 5 മില്യണ്‍ ദിര്‍ഹം വരെ മൂല്യമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ചാരിറ്റികള്‍ക്കും ഇടയില്‍ നല്‍കുന്ന സംഭാവനകളെ നികുതിയില്‍ നിന്ന് ഒഴിവാക്കും. ഇത് അവര്‍ക്ക് സംഭാവനാമായി ലഭിക്കുന്ന സാധനങ്ങളില്‍ നിന്ന് കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ അവരെ അനുവദിക്കുന്നു.നികുതി പാലിക്കല്‍ കര്‍ശനമാക്കുന്നതിന്‍റെ ഭാഗമായി ചില കേസുകളില്‍ നികുതിദായകരുടെ രജിസ്‌ട്രേഷന്‍ ഡി-രജിസ്റ്റര്‍ ചെയ്യാനുള്ള അധികാരവും കേന്ദ്രമന്ത്രിസഭ ഫെഡറല്‍ ടാക്‌സ് അതോറിറ്റിക്ക് നല്‍കി.നികുതി വരുമാനം ശേഖരിക്കുന്നതിനും നിക്ഷേപ അന്തരീക്ഷം വര്‍ധിപ്പിക്കുന്നതിനും കൂടുതല്‍ ബിസിനസുകാരെയും നിക്ഷേപകരെയും രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിനുമിടയില്‍ സന്തുലിതാവസ്ഥ കൈവരിക്കാന്‍ ലക്ഷ്യമിട്ട് യുഎഇയിലെ നികുതി അന്തരീക്ഷം പരിഷ്‌കരിക്കുന്നതിനുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ മാറ്റങ്ങളെന്ന് അതോറിറ്റി വ്യക്തമാക്കി.നേരത്തെ ഇവയ്ക്ക് അഞ്ച് ശതമാനം നികുതി ഏര്‍പ്പെടുത്തിയിരുന്നു. അതാണ് ഇപ്പോള്‍ ഒഴിവാക്കിയിരിക്കുന്നത്. നിക്ഷേപം വര്‍ധിപ്പിക്കുന്നതിനും വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതിനും ചാരിറ്റബിള്‍ സ്ഥാപനങ്ങളുടെ ഭാരം ലഘൂകരിക്കുന്നതിനുമായാണ് ഈ സേവനങ്ങളെ ഇപ്പോള്‍ വാറ്റില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
യുഎഇയുടെ ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനായി പൊതു-സ്വകാര്യ മേഖലകളില്‍ നിന്നുള്ള പങ്കാളികളുമായി ഏകോപിപ്പിക്കുന്നതിനും ഞങ്ങളുടെ നിയന്ത്രണങ്ങള്‍ പരിഷ്‌കരിക്കുന്നതിനും മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് ധനമന്ത്രാലയം അണ്ടര്‍സെക്രട്ടറി യൂനിസ് ഹാജി അല്‍ ഖൂരി പറഞ്ഞു.