ഇന്ത്യയിൽ നിന്നും യുഎഇയിലേക്കുള്ള യാത്രാ നിരോധനം വീണ്ടും നീട്ടി

ദുബൈ : ജൂൺ 14 വരെ ഇന്ത്യയിൽ നിന്നുള്ള യാത്രാ സർവീസുകൾ നിർത്തിവയ്ക്കുമെന്ന് ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്സ് അറിയിച്ചു.കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ ഇന്ത്യയിലൂടെ യാത്ര ചെയ്ത യാത്രക്കാരെ മറ്റേതൊരു സ്ഥലത്തുനിന്നും യുഎഇയിലേക്ക് യാത്ര ചെയ്യാൻ സ്വീകരിക്കില്ലെന്നും എയർലൈൻ വെബ്‌സൈറ്റിലെ അറിയിപ്പിൽ വ്യക്തമാക്കി.പുതുക്കിയ കോവിഡ് 19 പ്രോട്ടോക്കോളുകൾ പാലിക്കുന്ന യുഎഇ പൗരന്മാർ, യുഎഇ ഗോൾഡൻ വിസ കൈവശമുള്ളവർ, നയതന്ത്ര ദൗത്യങ്ങളിലെ അംഗങ്ങൾ തുടങ്ങിയവരുടെ യാത്രകൾ അനുവദിക്കുമെന്നും എയർലൈൻ കൂട്ടിച്ചേർത്തു.നേരത്തെ യു‌എഇയുടെ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (എൻ‌സി‌ഇ‌എം‌എ) ഇന്ത്യയിൽ നിന്ന് യു‌എഇയിലേക്കുള്ള യാത്രക്കാരുടെ പ്രവേശനം അനിശ്ചിത കാലത്തേക്ക്നീട്ടിയിരുന്നു. ഏപ്രിൽ 25 മുതലാണ് വിലക്ക് പ്രാബല്യത്തിൽ വന്നത്.