അബുദാബി :യു .എ.ഇ ഭരണാധികാരികളുടെ ആശംസാ സന്ദേശവുമായി റമസാന്റെ ആദ്യ ദിനത്തെ സ്വദേശികളും വിദേശികളും വരവേറ്റു. ഓരോരുത്തരുടെയും മൊബൈലിലേക്ക് എസ്എംഎസ് സന്ദേശമായാണ് റമസാൻ ആശംസയെത്തിയത്. യുഎഇ പ്രസിഡന്റിനുവേണ്ടി അബുദാബി കിരീടാവകാശിയും യുഎഇ ഉപ സർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് റമസാൻ ആശംസ അയച്ചത്.‘എന്റെ സഹോദരനും യുഎഇ പ്രസിഡന്റുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ റമസാൻ ആശംസ ഞാൻ നിങ്ങളുമായി പങ്കുവയ്ക്കുന്നു. ഈ സാഹചര്യത്തിൽ ജനങ്ങളുടെയും സമൂഹത്തിന്റെയും സുരക്ഷയ്ക്കായി നിങ്ങൾ കാണിക്കുന്ന ക്ഷമയും ജാഗ്രതയും മഹാമാരിയുടെ വ്യാപനം കുറയ്ക്കാൻ ഉതകുന്നതാണ്. എനിക്കുറപ്പുണ്ട് നാം ഈ സാഹചര്യത്തെ അതിജീവിക്കുമെന്ന്. എല്ലാ പ്രതിസന്ധികളിൽനിന്നും ദൈവം നിങ്ങളെയും കുടുംബത്തെയും സംരക്ഷിക്കട്ടെ’ എന്നായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. സ്വദേശികൾക്കും വിദേശികൾക്കും ഷെയ്ഖ് മുഹമ്മദും ട്വിറ്ററിൽ റമസാൻ ആശംസ നേർന്നു.ഇതാദ്യമായാണ് യുഎഇയിൽ സമൂഹ ഇഫ്താറില്ലാതെ റമസാൻ വ്രതാരംഭം നടക്കുന്നത്. കോവിഡ് ജാഗ്രതയുടെ ഭാഗമായി ആരാധനാലയങ്ങൾ അടച്ചതിനാൽ ഇഫ്താറുകളും നമസ്കാരവും വീടുകളിൽ ഒതുങ്ങുകയായിരുന്നു. സാമൂഹിക അകലം പാലിക്കേണ്ടതുകൊണ്ട് അതതു വീടുകളിലെ അംഗങ്ങൾ മാത്രം ഒന്നിച്ച് നോമ്പുതുറക്കുകയായിരുന്നു. സംഘ പ്രാർഥനയും വീട്ടിൽ ഒതുങ്ങി. പരിമിതമായ വിഭവങ്ങൾ മാത്രം ഒരുക്കി ആർഭാടങ്ങൾ ഇല്ലാതെ പരിമിത വിഭവങ്ങൾ ഒരുക്കിയായിരുന്നു ആദ്യ നോമ്പുതുറ.ലേബർ ക്യാംപുകളിലെ ഇഫ്താറും അതതു മുറികളിൽ ഒതുങ്ങണമെന്ന് കർശന നിർദേശമുണ്ടായിരുന്നതിനാൽ നോമ്പെടുത്തവർക്ക് സഹപ്രവർത്തകർ ചേർന്ന് ഇഫ്താർ ഒരുക്കുകയായിരുന്നു. എമിറേറ്റ്സ് റെഡ് ക്രസന്റ് ഉൾപെടെ യുഎഇ ജീവകാരുണ്യ സംഘടനകളുടെ നേതൃത്വത്തിൽ ക്യാംപുകളിൽ ഭക്ഷണവും എത്തിച്ചിരുന്നു. കെഎംസിസി ഉൾപെടെ ഇതര സംഘടനകളും ഇഫ്താർ വിഭവങ്ങൾ തയാറാക്കാൻ ആവശ്യമായ ഭക്ഷ്യോൽപന്നങ്ങൾ ക്യാംപുകളിൽ എത്തിച്ചിരുന്നു.