ദുബായ്. ഇനി നാട്ടിലിരുന്നും നഴ്‌സിംഗ് ലൈസന്‍സുകള്‍ക്ക് പരിശീലിക്കാം(nursing license training). ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെയും (ഡി.എച്ച്.എ) യു.എ.ഇ ആരോഗ്യ മന്ത്രാലയത്തിന്റെയും (എം.ഒ.എച്ച്) നഴ്‌സിങ് ലൈസന്‍സ് നേടാന്‍ നാട്ടിലിരുന്നും പരിശീലിക്കാന്‍ അവസരമൊരുങ്ങുകയാണ്. കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സിന്റെ അംഗീകൃത സ്ഥാപനമായ നഴ്സിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കരിയര്‍ എന്‍ഹാന്‍സ്മെന്റ് (NICE) മുഖാന്തരമാണ് നോര്‍ക്ക റൂട്ട്സ് പരിശീലനം നല്‍കുന്നത്.
ബി.എസ്.സി നഴ്സിങ്ങും കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. നഴ്സിങ് രംഗത്ത് കൂടുതല്‍ പ്രവൃത്തി പരിചയം ഉള്ളവര്‍ക്കും നോര്‍ക്ക റൂട്ട്സ് ഷോര്‍ട്ട് ലിസ്റ്റ് ചെയ്തവര്‍ക്കും മുന്‍ഗണന. അപേക്ഷകരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 40 പേര്‍ക്കാണ് പരിശീലനം. കോഴ്സ് തുകയുടെ 75 ശതമാനം നോര്‍ക്ക വഹിക്കും. പട്ടിക ജാതി, പട്ടിക വര്‍ഗ, ബി.പി.എല്‍ വിഭാഗത്തില്‍പെടുന്നവര്‍ക്ക് പരിശീലനം സൗജന്യമാണ്.യു.എ.ഇക്ക് പുറമെ മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെ പരീക്ഷകളായ എച്ച്.എ.എ.ഡി, പ്രോമെട്രിക്, എന്‍.എച്ച്.ആര്‍.എ തുടങ്ങിയവക്കും നാട്ടില്‍ പരിശീലനം ലഭിക്കും. താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് 30 നു മുമ്പ് www.norkaroots.org വെബ്‌സൈറ്റിലെ ലിങ്ക് മുഖേന രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പറായ 1800-425-3939 ല്‍ ബന്ധപ്പെടാം
ദുബായിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലി ചെയ്യണമെങ്കില്‍ ഡി.എച്ച്.എ ലൈസന്‍സ് നിര്‍ബന്ധമാണ്. ഷാര്‍ജ, ഉമ്മുല്‍ ഖുവൈന്‍, അജ്മാന്‍, റാസല്‍ ഖൈമ, ഫുജൈറ തുടങ്ങിയ എമിറേറ്റുകളില്‍ എം.ഒ.എച്ച് ലൈസന്‍സാണ് പരിഗണിക്കുന്നത്. സ്വകാര്യ ആശുപത്രികളിലും ഡി.എച്ച്.എ, എം.ഒ.എച്ച് ലൈസന്‍സുള്ളവര്‍ക്ക് മികച്ച ശമ്പളം ലഭിക്കും. കൂടുതല്‍ പേരും യു.എ.ഇയില്‍ എത്തിയ ശേഷം പഠിച്ചാണ് ലൈസന്‍സ് എടുക്കുന്നത്. നാട്ടിലെ സ്വകാര്യ സ്ഥാപനങ്ങള്‍ വഴി ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുത്ത് പഠിക്കുന്നവരുമുണ്ട്. എന്നാല്‍, സബ്‌സിഡിയോടെ സര്‍ക്കാര്‍ സംവിധാനം വഴി പഠിക്കാനുള്ള അവസരമാണ് നോര്‍ക്ക ഒരുക്കുന്നത്.