വാതിൽ തുറന്ന് യുഎഇ; ഇന്ത്യക്കാർക്ക് നിബന്ധനകളോടെ പ്രവേശനാനുമതി

അബുദാബി ∙ കോവി‍ഡ്19 വാക്സിനേഷൻ പൂർത്തിയാക്കിയ ഇന്ത്യയിൽ നിന്നടക്കം താമസ വീസയുള്ള ആറു രാജ്യക്കാർക്ക് നിബന്ധനകളോടെ ഇൗ മാസം അഞ്ചു മുതൽ യുഎഇയിലേക്കു തിരിച്ചുവരാം. യുഎഇ ദേശീയ ദുരന്ത നിവാരണ സമിതി (എൻസിഇഎംഎ) യാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യ കൂടാതെ, പാക്കിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കും യുഎഇയിലേക്കു തിരിച്ചെത്താം

യുഎഇ അംഗീകരിച്ച വാക്സീൻ രണ്ടാം ഡോസ് സ്വീകരിച്ച് 14 ദിവസം പൂർത്തിയാക്കിയിരിക്കണം. കൂടാതെ, വാക്സിനേഷൻ സർട്ടിഫിക്കറ്റും കൈയിൽ കരുതണം. പുതിയ നിയമം ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന ലക്ഷക്കണക്കിന് പ്രവാസികൾക്ക് ഗുണകരമാകും. അതേസമയം, വിമാനങ്ങൾ ഇതുവരെ തങ്ങളുടെ സർവീസ് പ്രഖ്യാപിച്ചിട്ടില്ല.

ആർക്കൊക്കെ വരാം?

∙‌നഴ്സുമാർ, സാങ്കേതിക വിദഗ്ധർ, ഡോക്ടർമാർ അടക്കമുള്ള ആരോഗ്യമേഖലയിലെ ജീവനക്കാർ

∙യൂണിവേഴ്സിറ്റി, കോളജ്, സ്കൂൾ, മറ്റു സ്ഥാപനങ്ങൾ തുടങ്ങി യുഎഇ വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവർ.

∙ യുഎഇയില്‍ പഠിക്കുന്ന വിദ്യാർഥികൾ

∙ മാനുഷിക പരിഗണന അർഹിക്കുന്ന താമസ വീസയുള്ളവർ

∙ ഫെഡറൽ, ലോക്കൽ ഗവ. ഏജൻസികളിൽ ജോലി ചെയ്യുന്നവർ

നേരത്തെ 8 വിഭാഗങ്ങളിൽപ്പെടുന്നവർക്കു മാത്രമേ യുഎഇയിലേക്കു പ്രവേശനാനുമതി ഉണ്ടായിരുന്നുള്ള. അവ ഇതാണ്:

∙ യുഎഇ സ്വദേശികൾക്കും അവരുടെ അടുത്ത കുടുംബത്തിനും.

∙ യുഎഇയും– ഇന്ത്യയുമടക്കമുള്ള ആറു രാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥർ

∙ ഔദ്യോഗിക സന്ദർശകർക്ക്

∙എക്സ്പോ2020യുമായി ബന്ധപ്പെട്ടുള്ള രാജ്യാന്തര പങ്കാളികൾക്കും പ്രദർശനക്കാർക്കും. സംഘാടകരുടെ വീസയിലുള്ളവർ.

∙ യുഎഇ ഗോൾഡ് –സിൽവർ വീസയുള്ളവർ

∙വിമാന ജീവനക്കാർ, കാർഗോ ജീവനക്കാർ, വിദേശകമ്പനികളുടെ ട്രാൻസിറ്റ് വിമാനങ്ങൾ