സമാധാനത്തിനും സ്ഥിരതക്കും വേണ്ടി നിലയുറപ്പിച്ച്​ വളർച്ചയുടെ പാതയിൽ മുന്നോട്ടുപോകും : യു.എ.ഇ പ്രസിഡന്‍റ്​

അബൂദാബി: സമാധാനത്തിനും സ്ഥിരതക്കും വേണ്ടി നിലയുറപ്പിച്ച്​ വളർച്ചയുടെ പാതയിൽ മുന്നോട്ടുപോകുമെന്ന്​ യു.എ.ഇ ​പ്രസിഡന്റ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ. ബുധനാഴ്ച വൈകുന്നേരം ആറിന്​ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത്​ നടത്തിയ സംസാരത്തിലാണ്​ ഇക്കാര്യം വ്യക്​തമാക്കിയത്​​.രാജ്യത്തിന്‍റെ സാമ്പത്തിക വികസനം ത്വരിതപ്പെടുത്തി ആഗോള സൂചികകളിൽ മുന്നേറ്റം തുടരും. ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും കഴിവുകൾ വികസിപ്പിക്കുക എന്നതിന്​ മുൻഗണന നൽകും. സമ്പദ്‌വ്യവസ്ഥയിൽ സ്വകാര്യ മേഖലക്ക്​ സുപ്രധാന പങ്കുണ്ട്. വരും തലമുറക്ക്​ ശോഭനമായ ഭാവി ഉറപ്പാക്കുകയാണ്​ നമ്മുടെ ഉത്തരവാദിത്തം. ഈ ലക്ഷ്യം നേടാൻ കഠിനാധ്വാനം ചെയ്യുകയും പരിശ്രമങ്ങളെ ഏകോപിപ്പിക്കുകയും വേണം. സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നത് വികസനത്തിന്റെ​ അടിസ്ഥാനപരമായ ആവശ്യമാണ് -തന്‍റെ കാഴ്ചപ്പാടുകൾ അദ്ദേഹം വിശദീകരിച്ചു.മേഖലയിലും ലോകത്താകമാനവും സമാധാനവും സ്ഥിരതയും പിന്തുണക്കുന്ന ശൈലി പിന്തുടരും. വിവിധ രാജ്യങ്ങളുമായി ശക്​തമായ ബന്ധമുണ്ടാക്കി​ മുന്നോട്ടുപോകും. മത, വർണ, വംശ ഭിന്നതകൾക്ക്​ അതീതമായി എല്ലാ സമൂഹങ്ങൾക്കും സഹായമെത്തിക്കുന്നത്​ തുടരും. എല്ലാ പദ്ധതികളുടെയും അടിസ്ഥാനം യു.എ.ഇയിലെ ജനങ്ങളുടെ സന്തോഷവും സമൃദ്ധിയുമായിരിക്കുമെന്നും അദ്ദേഹം വ്യക്​തമാക്കി.