സർക്കാർ സേവനങ്ങൾ കുറഞ്ഞ ചെലവിൽ

അബുദാബി: യുഎഇയിൽ സർക്കാർ സേവനങ്ങളുടെ ഫീസ് 50 മുതൽ 94% വരെ കുറച്ചു. നിക്ഷേപം ആകർഷിക്കുകയും ബിസിനസ് ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന മന്ത്രിസഭാ തീരുമാനപ്രകാരമാണ് നിരക്ക് കുറച്ചത്. ഇതനുസരിച്ച് 145 സേവനങ്ങളുടെയും 128 ഇടപാടുകളുടെയും നിരക്കാണ് കുറച്ചിരിക്കുന്നതെന്ന് മനുഷ്യവിഭവ സ്വദേശിവൽകരണ മന്ത്രാലയം അറിയിച്ചു. സർക്കാർ സേവനങ്ങൾ ലഭ്യമാകുന്ന തസ്ഹീൽ, തദ്ബീർ, തൌജീഹ്, തവഖുഫ് തുടങ്ങിയ സേവന കേന്ദ്രങ്ങളിലൂടെയാണ് ഇളവ് നടപ്പാക്കുക. തൊഴിൽ വൈദഗ്ധ്യവും വൈവിധ്യവും ജീവനക്കാരുടെ എണ്ണവും കമ്പനിയുടെ നിലവാരവും അനുസരിച്ച് കമ്പനികളെ തരംതിരിച്ചതിനാൽ ബന്ധപ്പെട്ട കമ്പനികൾക്ക് നിലവിലുള്ള ഫീസിൽ ആനുപാതിക ഇളവ് ലഭിക്കുക.എന്നാൽ സ്വദേശിയെയോ ജിസിസി പൗരനെയോ ജോലിക്ക് എടുക്കുമ്പോൾ വർക് പെർമിറ്റ് ഫീസ് ഒഴിവാക്കും. മൽസ്യ ബന്ധന മേഖലകളിലെ ജീവനക്കാരെയും വർക് പെർമിറ്റ് ഫീസിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്വകാര്യമേഖലയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതോടൊപ്പം നിക്ഷേപകർക്ക് റിക്രൂട്ടിങ് ചെലവ് കുറയ്ക്കാനും ഇതുവഴി ലക്ഷ്യമിടുന്നു.വർക് പെർമിറ്റ് ഫീസ് 200 ദിർഹത്തിൽ നിന്ന് 100 ദിർഹമാക്കി കുറച്ചത് കൂടുതൽ തൊഴിലാളികളുള്ള കമ്പനി ഉടമകൾക്ക് വലിയ ആശ്വാസമാകും. ഒരു തൊഴിലുടമയുടെ കീഴിലുള്ള മറ്റു സ്ഥാപനങ്ങളിലേക്ക് ജോലി മാറുന്നവർക്കും 50% നിരക്കിളവുണ്ട്. 20ൽ താഴെ പ്രായമുള്ളവരുടെ തൊഴിൽ അനുമതിക്കും പാർട്ട് ടൈം തൊഴിൽ അനുമതിക്കും 50% ഫീസ് കുറച്ചു.തൊഴിൽ ഏജൻസികൾക്കുള്ള വാർഷിക ലൈസൻസ് ഫീ 50 ശതമാനമായി കുറച്ചിട്ടുണ്ട്. പുതിയ ലൈസൻസ് ഫീ 25,000 ദിർഹമും (നേരത്തെ 50,000 ദിർഹം) ലൈസൻസ് പുതുക്കാനുള്ള ഫീസ് 12,500 ദിർഹമും (25,000 ദിർഹം) ആക്കി കുറച്ചതും വ്യാപാര സ്ഥാപനങ്ങൾക്ക് ആശ്വാസമായി. വിഷൻ 2021ന്റെ ഭാഗമായി സ്വകാര്യ മേഖലാ വ്യവസായ സംരംഭങ്ങളെ പ്രോൽസാഹിപ്പിച്ച് തൊഴിൽ വിപണിയുടെ ക്ഷമത വർധിപ്പിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ഇളവെന്ന് മനുഷ്യ വിഭവ സ്വദേശിവത്കരണ മന്ത്രി നാസർ ബിൻ താനി അൽ ഹാമിലി പറഞ്ഞു.