യു.എ.ഇ : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മൂന്നാഴ്ചയോളം തുടർന്ന നിയന്ത്രണങ്ങൾക്കു ശേഷം ഇളവുകൾ വന്നതോടെ ദുബായിലെ നിരത്തുകൾ സജീവം. കഴിഞ്ഞദിവസം വൈകിട്ടും പ്രധാന ഹൈവേകളിൽ കാറുകളുടെ നിര നീണ്ടു . ചിലയിടങ്ങളിൽ ട്രാഫിക് തടസ്സങ്ങളും ഉണ്ടായി. എന്നാൽ രാത്രി പത്തോടെ നിരത്തുകൾ വീണ്ടും നിശബ്ദമായി. അബുദാബിയിലും ഷാർജയിലുമെങ്ങും കടുത്ത നിയന്ത്രണങ്ങൾ ഇല്ലാതിരുന്നതിനാൽ സ്വാതന്ത്ര്യാഘോഷം അത്ര പ്രകടമായില്ല.അതേ സമയം ദുബായിൽ ചില ഇടങ്ങളിൽ ആളുകൾ ആർത്തുല്ലസിച്ച് ആഹ്ലാദ പ്രകടനം നടത്തുന്നത് കാണാമായിരുന്നു. നിയന്ത്രണങ്ങൾ പാലിക്കാത്ത 21 കടകൾ ഇന്നലെ അടപ്പിച്ചു. പക്ഷേ ഉൾറോഡുകളിൽ അധികം തിരക്കുണ്ടായില്ല. മാളുകൾ ചിലത് മാത്രം തുറന്നു. അവിടെ കർശന നിയന്ത്രണങ്ങളോടെയാണ് ആളുകളെ പ്രവേശിപ്പിച്ചത്. നാളെ മിക്കതും തുറക്കുമെന്ന് അറിയുന്നു. സൂപ്പർ മാർക്കറ്റ്, ഹൈപ്പർമാർക്കറ്റ് എന്നിവിടങ്ങളിൽ തിരക്ക് അനുഭവപ്പെട്ടു. അതേ സമയം ഷാർജയിലും അബുദാബിയിലും തിരക്കുണ്ടായിരുന്നെങ്കിലും ദുബായിൽ അത്രയ്ക്ക് തിരക്ക് ഉണ്ടായിരുന്നില്ലെന്ന് സ്വർണാഭരണ ശാലകളും അറിയിച്ചു. മെട്രോ ട്രെയിനുകളിലും വലിയ തിരക്ക് ഉണ്ടായില്ല. ഷാർജ- ദുബായ് അതിർത്തികളിൽ തൊഴിലാളികളെ തടഞ്ഞത് തിരക്കിന് കാരണമായി. നിർമാണ തൊഴിലാളികളെ മറ്റ് എമിറേറ്റ് കടന്ന് യാത്ര ചെയ്യാൻ അനുവദിക്കില്ലെന്ന് ദുബായ്, അബുദാബി, റാസൽഖൈമ എമിറേറ്റുകൾ പ്രഖ്യാപിച്ചിരുന്നു.