ദുബായ്: ഇസ്രായേല്‍ ആക്രമണത്തെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്ന ലബനാന് ജനതയെ സഹായിക്കുന്നതിനായി ആരംഭിച്ച യുഎഇ സ്റ്റാന്‍ഡ് വിത്ത് ലബനാന് ക്യാംപയിന്റെ ഭാഗമായി ഒറ്റ ദിവസം കൊണ്ട് ദുബായില്‍ നിന്ന് സമാഹരിച്ചത് 200 ടണ്‍ സഹായവസ്തുക്കള്‍. ദുബായ് എക്സ്പോ സിറ്റിയിലെ എക്സിബിഷന് സെന്ററില്‍ നടന്ന സഹായ സമാഹരണത്തില്‍ 24 സ്വദേശി സ്പോണ്സര് സ്ഥാപനങ്ങളും 4,000 സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്നാണ് 200 ടണ്‍ ഭക്ഷ്യ വസ്തുക്കളും മറ്റ് ദുരിതാശ്വാസ സാമഗ്രികളും പാര്‍പ്പിട ഉപകരണങ്ങളും സമാഹരിച്ചത്. രാവിലെ 9 മണിക്ക് ആരംഭിച്ച ഇവന്റില്‍ പങ്കെടുക്കാന്‍ ചിലര്‍ രാവിലെ 6 മണിക്ക് തന്നെ എത്തിച്ചേര്‍ന്നിരുന്നു.
മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ബിസിനസ്സ് ഉടമകള്‍ എന്നിവരുടെ നേതൃത്വത്തില്‍, ദുബായ് കെയേഴ്സ് ഇവിടെ നടന്ന സഹായ സമാഹരണത്തിന് നേതൃത്വം നല്കി. യുഎഇ പ്രസിഡണ്ട് ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദിന്റെ നിര്‍ദേശ പ്രകാരം ശെയ്ഖ് തിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് അധ്യക്ഷനായ ഇന്റര്‍നാഷണല്‍ ഹ്യൂമാനിറ്റേറിയന്‍ ആന്‍ഡ് ഫിലാന്ത്രോപിക് കൗണ്‍സിലിന്റെ മേല്‍നോട്ടത്തിലാണ് ക്യാമ്പയിന് നടക്കുന്നത്. എക്സ്പോ സ്റ്റിയില്‍ നടന്ന ക്യാമ്പയിനില്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള ജനങ്ങള്‍ സഹായ സാധനങ്ങളുമായി എത്തിച്ചേര്‍ന്നു.
ഇന്ന് അബൂദാബി പോര്‍ട്ടില്‍ സമാഹരണത്തിന്റെ രണ്ടാം ഘട്ടം നടക്കും. രാവിലെ ഒമ്പതു മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ നടക്കുന്ന സമാഹരണത്തില്‍ അബൂദബിയിലെ വിവിധ ഏജന്‍സികളും സ്ഥാപനങ്ങളും പങ്കാളികളാകും. ഒക്ടോബര്‍ 19ന് ഷാര്‍ജയില്‍ നടക്കുന്ന ക്യാംപയിന് ഷാര്‍ജ എക്സ്പോ സെന്റര്‍ വേദിയാവും. ഒക്ടോബര്‍ എട്ടിന് ആരംഭിച്ച ക്യാംപയിന് 21 വരെ തുടരും. ഒമ്പതു വിമാനങ്ങളിലായി 375 ടണ്‍ സഹായവസ്തുക്കളാണ് യുഎഇ ഇതുവരെ ലബനാനിലെത്തിച്ചിട്ടുള്ളത്. ഇസ്രായേല്‍ ആക്രമണത്തിന് പിന്നാലെ ലബനാന് ജനതയ്ക്കായി നൂറു ദശലക്ഷം യുഎസ് ഡോളര്‍ അടിയന്തര സഹായം യുഎഇ പ്രസിഡണ്ട് ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് പ്രഖ്യാപിച്ചിരുന്നു.