യുഎഇ വാഹന അപകടം : ഇന്ത്യക്കാര്‍ 50 ശതമാനം എന്ന് പഠനം

ദുബായ്: യു.എ.ഇയിലെ 50 ശതമാനം വാഹനാപകടങ്ങളിലും ഇരകളാകുന്നത് ഇന്ത്യക്കാരെന്ന് സൂചിപ്പിക്കുന്നു . റോഡ് സുരക്ഷ ബോധവത്കരണ ഗ്രൂപ്പും ഓട്ടോ ഇന്‍ഷുറന്‍സ് ഗ്രൂപ്പായ ടോക്യോ മറൈനും നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വേനല്‍കാല അപകടങ്ങളുമായി ബന്ധപ്പെട്ട് ലഭിച്ച 2500ഓളം ഇന്‍ഷുറന്‍സ് കേസുകളെ ആസ്പദമാക്കിയാണ് പഠനം. ഇന്ത്യക്കാര്‍ കഴിഞ്ഞാല്‍ കൂടുതല്‍ അപകടങ്ങളില്‍പെടുന്നത് യു.എ.ഇ പൗരന്‍മാരാണ്. 19 ശതമാനം. ഈജിപ്ത് ആറ് ശതമാനം, പാകിസ്താന്‍ ആറ് ശതമാനം, ഫിലിപ്പീന്‍സ് നാല് ശതമാനം, മറ്റ് രാജ്യക്കാര്‍ 15 ശതമാനം എന്നിങ്ങനെയാണ് കണക്ക്. കൂടുതലും 30-40 വയസ്സിനിടയിലുള്ളവരാണ് അപകടങ്ങളില്‍ പെടുന്നതും പഠനത്തില്‍ വ്യക്തമാക്കുന്നു. 30നും 40നും ഇടയില്‍ പ്രായമുള്ളവര്‍ 50 ശതമാനം. 40-50 വയസ്സിനിടയിലുള്ളവരാണ് 26 ശതമാനം. അപകടത്തില്‍പെടുന്നവരില്‍ 12 ശതമാനം പേരും 30 വയസ്സില്‍ താഴെയുള്ളവരാണ്. 12 ശതമാനം പേര്‍ 50 വയസ്സില്‍ കൂടുതലുള്ളവരാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

ഉച്ചക്ക് 12 മുതല്‍ രാത്രി എട്ട് വരെയുള്ള സമയത്താണ് കൂടുതല്‍ അപകടങ്ങളുണ്ടാകുന്നത്. ഇതില്‍ ഉച്ചക്ക് 12 മുതല്‍ രണ്ട് വരെയും വൈകീട്ട് ആറ് മുതല്‍ എട്ട് വരെയുമാണ് ഏറ്റവുമധികം വാഹനങ്ങളും അപകടത്തില്‍പെടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സമയങ്ങളില്‍ റോഡിന് ചൂട് കൂടുന്നതും വാഹനങ്ങള്‍ കൃത്യമായി അറ്റകുറ്റപ്പണി (Correct maintenance) നടത്താത്തതുമാണ് അപകടങ്ങളുടെ പ്രധാന കാരണമെന്ന് റോഡ് സേഫ്റ്റി രംഗത്തുള്ളവർ പറയുന്നു.