യുഎഇയില്‍ കാലാവസ്ഥ മുന്നറിയിപ്പ്

ദുബായ്.യു.എ.ഇ ൽ ഇന്ന് പൊതുവെ നല്ല കാലാവസ്ഥയായിരിക്കുമെന്നും ചിലപ്പോള്‍ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാജ്യത്തുടനീളം ഫോഗ് അലര്‍ട്ടും നല്‍കിയിട്ടുണ്ട്. അബുദാബി, ദുബായ്, ഷാര്‍ജ, റാസല്‍ഖൈമ എന്നിവിടങ്ങളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.രാവിലെ കിഴക്കന്‍ തീരത്ത് താഴ്ന്ന മേഘങ്ങള്‍ പ്രത്യക്ഷപ്പെടും.രാജ്യത്ത് താപനില 45 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം. അബുദാബിയില്‍ 43 ഡിഗ്രി സെല്‍ഷ്യസിലേക്കും ദുബായില്‍ 42 ഡിഗ്രി സെല്‍ഷ്യസിലേക്കും മെര്‍ക്കുറി ഉയരും. എന്നാല്‍ അബുദാബിയിലെ കുറഞ്ഞ താപനില 28 ഡിഗ്രി സെല്‍ഷ്യസും ദുബായിലെ 29 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും.

രാത്രിയിലും ഞായറാഴ്ച രാവിലെയും 20 മുതല്‍ 90 ശതമാനം വരെ ഈര്‍പ്പമുള്ളതായിരിക്കും. ചില തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും, പ്രത്യേകിച്ച് പടിഞ്ഞാറോട്ട് മൂടല്‍മഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ട്. നേരിയതോ മിതമായതോ ആയ കാറ്റ് വീശും, ചില സമയങ്ങളില്‍ ഇത് പൊടി വീശുന്നതിന് കാരണമാകും. അറേബ്യന്‍ ഗള്‍ഫിന്റെയും ഒമാന്‍ കടലിന്റെയും സ്ഥിതി നേരിയ തോതില്‍ ആയിരിക്കും.