സന്ദർശകരെ ആകർഷിച്ച് യുഎഇയുടെ പുതിയ വീസ നിയമം

അബുദാബി∙ 5 വർഷത്തെ മൾട്ടിപ്പിൾ എൻ‍ട്രി ടൂറിസ്റ്റ് വീസ, ഗ്രീൻ റസിഡൻസി വീസ, റിമോട്ട് വർക്ക് വീസ തുടങ്ങി പരിഷ്കരിച്ച പുതിയ വീസ നിയമം പ്രാബല്യത്തിൽ. 10 വർഷത്തെ ഗോൾഡൻ വീസയ്ക്കുള്ള നടപടിക്രമങ്ങളും ലഘൂകരിച്ചു. പുതിയ വീസ നിയമം ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വ്യവസായികൾക്കും വിദഗ്ധർക്കും വിനോദ സഞ്ചാരികൾക്കും ഗുണകരമാകും.

ഗോൾ‍ഡൻ വീസക്കാർക്ക് യുഎഇയ്ക്കു പുറത്തു താമസിക്കുന്നതിന് ഉണ്ടായിരുന്ന കാലപരിധി (6 മാസം) എടുത്തുകളഞ്ഞതാണ് മറ്റൊരു ആകർഷണം. ഇതനുസരിച്ച് 6 മാസത്തിൽ കൂടുതൽ കാലം വിദേശത്തു താമസിച്ചാലും വീസ റദ്ദാകില്ല. യുഎഇയിൽ ഗോൾഡൻ വീസ റദ്ദാക്കുന്നവർക്ക് രാജ്യം വിടാൻ 6 മാസത്തെ സാവകാശം ലഭിക്കും. നേരത്തെ വീസ റദ്ദാക്കിയാൽ രാജ്യം വിടാൻ 28 ദിവസം മാത്രമാണ് ലഭിച്ചിരുന്നത്. എൻട്രി പെർമിറ്റ് കാലാവധി 60 ദിവസമാക്കി ദീർഘിപ്പിച്ചതും നേട്ടമായി.

5 വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസയിൽ വരുന്നവർക്ക് തുടർച്ചയായി 90 ദിവസം യുഎഇയിൽ താമസിക്കാം. വീസ കാലയളവിൽ ഒന്നിലേറെ തവണ രാജ്യത്തേക്കു പ്രവേശിക്കാം. വിവിധ രാജ്യങ്ങളിൽ ബിസിനസ് ചെയ്യുന്നവർക്കും കുടുംബത്തെ സ്ഥിരമായി യുഎഇയിൽ നിർത്താൻ ആഗ്രഹിക്കാത്തവർക്കും ഈ വീസ ഗുണം ചെയ്യും.

വിദഗ്ധർ, ഫ്രീലാൻസർ, സ്വയം തൊഴിൽ ചെയ്യുന്നവർ എന്നിവർക്ക് അനുയോജ്യമാണ് പുതിയ ഗ്രീൻ റസിഡൻസി വീസ. ബിരുദധാരികൾക്ക് ജോലി നോക്കാനുള്ള ജോബ് എക്സ്പ്ലൊറേഷൻ വീസയാണ് മറ്റൊരു ആകർഷണം.

ഈ വീസകളെല്ലാം സ്വന്തം സ്പോൺസർഷിപ്പിൽ ലഭിക്കും. സ്പോൺസർഷിപ് തുകയും ലാഭിക്കാം. രക്ഷിതാക്കൾക്ക് ആൺകുട്ടികളെ സ്പോൺസർ ചെയ്യാവുന്ന പ്രായപരിധി 25 വയസ്സാക്കിയതുംപ്രാബല്യത്തിലായി. വിവാഹിതരല്ലാത്ത പെൺകുട്ടികളെയും ഭിന്നശേഷിക്കാരെയും പ്രായപരിധി പരിഗണിക്കാതെ രക്ഷിതാക്കളുടെ സ്പോൺസർഷിപ്പിൽ യുഎഇയിൽ നിർത്താം. പുതിയ നിയമം അനുസരിച്ച് മാസത്തിൽ 30,000 ദിർഹം ശമ്പളം പറ്റുന്നവരും 10 വർഷത്തെ ഗോൾ‍ഡൻ വീസയ്ക്ക് അർഹരാണ്.

നേരത്തെ നിക്ഷേപകർ, വിവിധ മേഖലകളിലെ വിദഗ്ധർ, മികവു പുലർത്തുന്ന വിദ്യാർഥികൾ എന്നിവർക്കാണ് ദീർഘകാല വീസ നൽകിയിരുന്നത്. ഇവരുടെ കുടുംബാംഗങ്ങൾക്കും തുല്യ കാലയളവിൽ വീസ ലഭിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു.