മസ്ക്കറ്റ്: യുണൈറ്റഡ് കേരള എഫ്.സി, കേരള മസ്‌കറ്റ് ഫുട്ബോൾ അസോസിയേഷന്റെ (KMFA) സഹകരണത്തോടെ സംഘടിപ്പിക്കുന്ന യുണൈറ്റഡ് കപ്പ് മൂന്നാമത് എഡിഷൻ അന്തരിച്ച ഒമാനിലെ പ്രമുഖ ഫുട്ബോൾ താരമായിരുന്ന സുനിലിനോടുള്ള ആദരസൂച്ചകമായി നടത്തുമെന്ന് ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു.കേരള ജൂനിയർ ടീമിൽ നിന്നും തുടങ്ങിയ സുനിൽ 2014 മുതൽ ഒമാനിലെ യുണൈറ്റഡ് കേരള എഫ്.സി യുടെ കളിക്കാരനായിരുന്നു. ഒമാനിൽ തന്നെയുള്ള മറ്റു ക്ലബുകൾക്ക് വേണ്ടി ഗസ്റ്റ് ആയും കളിച്ച സുനിൽ തന്റെ പ്രകടനം കൊണ്ട് നിരവധി കിരീടങ്ങൾ കളിച്ച ടീമുകൾക്ക് വേണ്ടി നേടി കൊടുത്തിട്ടുണ്ട്.നാട്ടിൽ സോക്കർ ഷൊർണ്ണൂരിന്റേയും അൽ മദീന ചെർപ്പുള്ളശ്ശേരിയുടേയും കളിക്കാരൻ കൂടിയായിരുന്നു. 2021 ൽ കേരളത്തിൽ വെച്ച് കളിക്കിടെ ഗ്രൗണ്ടിൽ വിടപറഞ്ഞു.ഒമാനിലെ എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരുടെ പട്ടികയിൽ മുൻനിരയിൽ തന്നെ ആയിരുന്നു സുനിലിന്റെ സ്ഥാനം.സുനിലിനോടുള്ള ആദരസൂച്ചകമായി നടത്തുന്ന ഈ ടൂർണ്ണമെന്റിൽ സുനിലിന്റെ മകനാണു കിക്കോഫ് കർമ്മം നിർവ്വഹിക്കുന്നത്.ഒമാനിലെ പ്രമുഖ 16 ടീമുകളെ 4 ഗ്രൂപ്പുകളായി തരം തിരിച്ചാണു മൽസരങ്ങൾ സംഘടിപ്പിക്കുന്നത്.വിജയികൾക്ക് ട്രോഫിയും ക്യാഷ് അവാർഡും സമ്മാനമായി നൽകുമെന്നും സംഘാടകർ അറിയിച്ചു.