അടുത്ത രണ്ടാഴ്​ച നിർണായകം -ആരോഗ്യ മന്ത്രി

മസ്​കറ്റ് : ഒമാനിൽ കോവിഡ്​ ബാധിതരുടെ എണ്ണം ആയിരം കവിഞ്ഞു. ഇവരിൽ 635 പേർ വിദേശികളാണെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ്​ അൽ സഇൗദി വ്യാഴാഴ്​ച വാർത്തസമ്മേളനത്തിൽ അറിയിച്ചു.ആഗോളതലത്തിലെ രോഗവ്യാപനത്തിന്‍റെ തോതെടുക്കുമ്പോൾ കുറവാണെങ്കിലും ഒമാനിലെ രോഗബാധിതരുടെ എണ്ണവും വർധിക്കുകയാണ്​. മലയാളികളടക്കം പ്രവാസികൾ ധാരാളമുള്ള തെക്കൻ ശർഖിയ ഗവർണറേറ്റിലെ ജഅ്​ലാൻ ബനീ ബുആലി ഐസോലേറ്റ്​ ചെയ്​തു. 12 സാമൂഹിക വ്യാപന കേസുകൾ കണ്ടെത്തിയതി​ന്റെ അടിസ്​ഥാനത്തിലാണിത്​. തലസ്ഥാനത്തെ മത്രക്കും മസ്​കത്തിനും പുറമെ ഐസൊലേറ്റ്​ ചെയ്യുന്ന മൂന്നാമത്തെ വിലായത്താണിത് ഇത്‌ തലസ്ഥാനത്തിന് പുറത്തുള്ളവിലായത്താണ്​. ഏപ്രിൽ 30 വരെയുള്ള സമയം പ്രധാനപ്പെട്ടതാണ്​. ഏപ്രിൽ 23 മുതൽ 30 വരെ കാലയളവിൽ രോഗബാധ പാരമ്യതയിൽ എത്തുമെന്ന്​ കരുതുന്നുവെന്ന്​ മന്ത്രി പറഞ്ഞു​. ഇൗ സമയം ഒരു ദിവസം അഞ്ഞൂറോളം വൈറസ്​ ബാധയാണ്​ പ്രതീക്ഷിക്കുന്നത്​. ഇതിൽ 150 പേരെയെങ്കിലും തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കേണ്ടിവരും.സാമൂഹിക അകലം പാലിക്കലാണ്​ മഹാമാരിയെ പ്രതിരോധിക്കാനുള്ള ഏക മാർഗമെന്നും ഡോ. അൽ സഇൗദി പറഞ്ഞു. സ്വദേശികൾക്കും വിദേശികൾക്കും രോഗനിർണയവും ചികിത്സയും സൗജന്യമാണ്​. ഒമാനിൽ 23 പേരാണ്​ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. ഇതിൽ ഏഴുപേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന കോവിഡ്​ രോഗിക്കായി സർക്കാർ ആയിരം റിയാലാണ്​ ചെലവഴിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ബാക്കി കോവിഡ്​ സ്​ഥിരീകരിച്ചവർക്കെല്ലാം ലഘുവായ ലക്ഷണങ്ങളാണ്​ ഉള്ളത്​. ഇവർ ഐസൊലേഷനിൽ കഴിയുകയാണ്.