ദോഹ ∙ ഖത്തറിലെ നഗരവികസനത്തിൽ ശ്രദ്ധേയ മാറ്റങ്ങളുണ്ടാകണമെന്നു വിദഗ്ധസംഘം. നിയന്ത്രണങ്ങൾക്കൊപ്പം ബോധവൽക്കരണവും സ്വകാര്യ പങ്കാളിത്തവും ശക്തമാക്കിയെങ്കിലേ നഗരവികസനത്തിൽ സുസ്ഥിരത കൈവരിക്കാനാകൂവെന്നു ഖത്തർ ഗ്രീൻ ബിൽഡിങ് കൗൺസിലും (ക്യുജിബിസി) യുഎൻ ഹാബിറ്റാറ്റിന്റെ വേൾഡ് അർബൻ ക്യാംപയിനും (ഡബ്ള്യുസി) ചേർന്നു നടത്തിയ അർബൻ തിങ്കേഴ്സ് ക്യാംപസ് സമ്മേളനം വ്യക്തമാക്കി.
സർക്കാരിന്റെ കൃത്യമായ നിയന്ത്രണങ്ങളുണ്ടായാലേ സ്വകാര്യ മേഖലയ്ക്കു നഗരവികസനത്തിൽ ക്രിയാത്മകമായ പങ്കു വഹിക്കാനാകൂവെന്നും സമ്മേളനം പറഞ്ഞു. ഈ മേഖലയിലെ നൂറിലധികം വിദഗ്ധരാണ് പങ്കെടുത്തത്. യുഎൻ ഹാബിറ്റാറ്റിന്റെ പുതിയ നഗരവികസന അജൻഡ പ്രകാരമുള്ള ഭാവി പദ്ധതികളെക്കുറിച്ചു സമ്മേളനത്തിൽ പങ്കെടുത്തവർ ചർച്ചചെയ്തു. നഗരവികസനത്തിലെ നിയന്ത്രണങ്ങളുടെ പരിഷ്കാരമാണു ഖത്തർ നേരിടുന്ന പ്രധാന വെല്ലുവിളിയെന്നു ചർച്ചയിൽ അഭിപ്രായമുയർന്നു. നിലവിലെ നിയന്ത്രണം കൃത്യമായി നടപ്പാക്കുന്നതും നിയന്ത്രണങ്ങൾക്ക് ഏകീകൃത സ്വഭാവം ഉണ്ടാകേണ്ടതും പ്രധാനമാണെന്നു ക്യുജിബിസി ഡയറക്ടർ മെഷാൽ അൽ ഷമാരി പറഞ്ഞു. നഗരവികസന നയം രൂപീകരിക്കുന്നതിനും നടപ്പാക്കുന്നതിനും സ്വകാര്യമേഖലയ്ക്കു കൂടുതൽ പങ്കാളിത്തം ലഭിക്കുന്നതിനായി നിബന്ധനകൾ പരിഷ്കരിക്കണമെന്നും അൽ ഷമാരി പറഞ്ഞു.
നഗരവികസനം ജിസിസി മേഖലയിലാകെ തന്നെ ശൈശവ ദശയിലാണെന്നു യുഎൻ ഹാബിറ്റാറ്റ് ഗൾഫ് പ്രതിനിധി ഡോ. താരക് എൽ ഷെയ്ഖ് പറഞ്ഞു. കൂടുതൽ വികസനത്തിനായുള്ള സാധ്യതകൾ ഒട്ടേറെയാണ്. ഖത്തർ ഉൾപ്പെടെയുള്ള ജിസിസി രാജ്യങ്ങൾ അവരുടെ ദേശീയ വികസന കാഴ്ചപ്പാടിന്റെ ഭാഗമായി നഗരവികസനത്തിൽ കാര്യമായ മാറ്റങ്ങളുണ്ടാക്കാൻ ശ്രമം നടത്തുന്നുണ്ട്. സ്വകാര്യമേഖലയെ കൂടി വിവിധ തലങ്ങളിൽ പങ്കാളികളാക്കുക പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. പരിസ്ഥിതി, സാമ്പത്തികം, സാമൂഹിക വികസനം എന്നീ മൂന്നു ഘടകങ്ങളിലും സന്തുലിതാവസ്ഥ കൊണ്ടുവരാനുള്ള കഠിന പരിശ്രമത്തിലാണു ഖത്തറെന്നു ഖത്തർ കൂൾ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ യാസർ സലാഹ് അൽ ജൈദ പറഞ്ഞു.
ജനങ്ങളിൽനിന്നും സമൂഹത്തിൽനിന്നും ആവശ്യം ഉയർന്നെങ്കിൽ മാത്രമേ സുസ്ഥിര നഗരവികസനം മുന്നോട്ടു പോകൂ. ഇതിനായി ബോധവൽക്കരണം നടത്തണമെന്നും ജനങ്ങൾക്കിടയിലെ തെറ്റിദ്ധാരണ മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. അബ്ദുല്ല ബിൻ ഹമദ് അൽ അത്തിയ രാജ്യാന്തര ഫൗണ്ടേഷൻ ഡയറക്ടർ ഡോ. ജോൺ കിലാനി, എച്ച്ബികെയു അസി. പ്രഫസർ ഡോ. മുഹമ്മദ് എവ്റെൻ ടോക് തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു. നഗരവികസനം സംബന്ധിച്ച പൂർണ റിപ്പോർട്ട് വൈകാതെ പുറത്തിറക്കുമെന്നു ക്യുജിബിസി അറിയിച്ചു.