വാഷിങ്ടൻ: ഇറാനെ ആണവായുധം നിർമിക്കാൻ ഒരുതരത്തിലും അനുവദിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഈ വാക്കുകളോടെയായിരുന്നു ഇറാനുമായുള്ള സംഘർഷം സംബന്ധിച്ച വാർത്താസമ്മേളനം ട്രംപ് ആരംഭിച്ചത്. ഭീകരതയ്ക്കു സഹായം നൽകുന്നത് ഇറാൻ നിർത്തണം. ലോകത്തിലെ ഒന്നാംനിര ഭീകരനെയാണ് ഇറാൻ ജനറൽ ഖാസിം സുലൈമാനിയുടെ വധത്തിലൂടെ യുഎസ് ഇല്ലാതാക്കിയത്.
ലോകത്തിലെ ഏറ്റവും ഭീകരമായ ആക്രമണങ്ങൾക്ക് സഹായം നൽകിയ വ്യക്തിയായിരുന്നു സുലൈമാനി. ഹിസ്ബുല്ലയെ ഉൾപ്പെടെ അയാൾ പരിശീലിപ്പിച്ചു. ആഭ്യന്തര യുദ്ധത്തിലും എരിതീയിൽ എണ്ണപകർന്നു. ബഗ്ദാദ് യുഎസ് എംബസിക്കു നേരെ ആക്രമണം നടത്തിയതിനു പിന്നിലും സുലൈമാനിയാണ്.
യുഎസിനെതിരെ മറ്റു പദ്ധതികൾ തയാറാക്കുകയായിരുന്നു സുലൈമാനി, പക്ഷേ അമേരിക്ക അതു തകർത്തു. ഇറാൻ സ്വഭാവം മാറ്റുന്നതു വരെ ഉപരോധം തുടരും. വിഡ്ഢിത്തം നിറഞ്ഞ ആണവ കരാറാണ് ഒബാമയുടെ കാലത്ത് ഒപ്പിട്ടതെന്നും ട്രംപ് ആവർത്തിച്ചു. ‘ഡെത്ത് ടു അമേരിക്ക’ എന്നത് കരാർ ഒപ്പിട്ട അന്നാണ് ഇറാനിലുള്ളവർ ശരിക്കും പറഞ്ഞതെന്നും ട്രംപ് വ്യക്തമാക്കി.