മസ്കത്ത്: മസ്കത്ത് വിമാനത്താവളത്തില്‍ ഓരോ യാത്രക്കാരനും കോമണ്‍ യൂസ് പാസഞ്ചര്‍ പ്രോസസിങ് സിസ്റ്റംസ് ഫീസ് ആയി 300 ബൈസ വീതം നല്‍കേണ്ടിവരും. ചെക്ക് ഇന്‍ കൗണ്ടറുകളിലെ കമ്പ്യൂട്ടറുകള്‍, ഗേറ്റ് പോഡിയം പൊസിഷന്‍ തുടങ്ങി വിമാന കമ്പനികള്‍ പൊതുവായി ഉപയോഗിക്കുന്ന സൗകര്യങ്ങള്‍ക്കായാണ് ഈ ഫീസ് ചുമത്തുന്നതെന്ന് എയര്‍ലൈന്‍ കമ്പനികളുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. ജനുവരി ഒന്നുമുതല്‍ ഓരോ അന്താരാഷ്ട്ര യാത്രക്കാരില്‍നിന്നും ഒരു റിയാല്‍ സെക്യൂരിറ്റി ഫീസ് ചുമത്തുമെന്ന് നേരത്തേ അറിയിച്ചിരുന്നു. ജനുവരി ഒന്നുമുതല്‍ സെക്യൂരിറ്റി ഫീസ് ചുമത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഇത് പിന്നീട് ജനുവരി പകുതിയിലേക്ക് മാറ്റിയിട്ടുണ്ട്. സെക്യൂരിറ്റി ഫീസായ ഒരു റിയാലിന് പുറമെ യൂസേജ് ഫീസായ 300 ബൈസയും ടിക്കറ്റിനൊപ്പം യാത്രക്കാരന് നല്‍കേണ്ടിവരും. പുതിയ അന്താരാഷ്ട്ര ടെര്‍മിനല്‍ പ്രവര്‍ത്തനമാരംഭിക്കുന്നതോടെ യൂസേജ് ഫീസ് 600 ബൈസയായി വര്‍ധിക്കുമെന്നും വിമാനത്താവള കമ്പനിയുടെ സര്‍ക്കുലറില്‍ പറയുന്നു. അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള എയര്‍പോര്‍ട്ട് ടാക്സ് കഴിഞ്ഞ ജൂലൈ ഒന്നുമുതല്‍ എട്ടു റിയാലില്‍നിന്ന് പത്തു റിയാലായി വര്‍ധിപ്പിച്ചിരുന്നു.