മസ്കറ്റ് :ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിനു കീഴില്‍ നടക്കുന്ന ദേശീയ അഞ്ചാംപനി പ്രതിരോധ കുത്തിവെയ്പ് കാംപയിന് സെപ്റ്റംബര്‍ 30 വരെ തുടരും. ഈ മാസം 10ന് ആരംഭിച്ച രണ്ടാംഘട്ടം 16 ശനിയാഴ്ച അവസാനിപ്പിച്ചിരുന്നു.
പ്രതിരോധ കുത്തിവെപ്പ് സംബന്ധിച്ചു പ്രചാരണപരിപാടികൾ കാര്യമായി നടന്നിരുന്നെകിലും ജനപങ്കാളിത്തം കുറവായിരുന്നു ഇതിനാലാണ് കൂടുതല്‍ പേരിലേക്ക് കുത്തിവെയ്പ് എത്തിക്കുന്നതിനായി മന്ത്രാലയം കാലാവധി ദീര്‍ഘിപ്പിച്ചത്, കുത്തിവെയ്പെടുക്കാന്‍ വരുന്നവര്‍ക്ക് ഈ മാസം അവസാനം വരെ സൗകര്യമൊരുക്കാന്‍ ആരോഗ്യ കേന്ദ്രങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികള്‍, ക്ലിനിക്കുകള്‍ ഉള്‍പ്പടെയുള്ള കേന്ദ്രങ്ങളിലെത്തി കുത്തിവെയ്പെടുക്കാം. നേരത്തെ പള്ളികളിലും ലേബര്‍ ക്യാംപുകളിലും ഉള്‍പ്പെടെ കുത്തിവെപ്പിന് സൗകര്യം ഒരുക്കിയിരുന്നു.
20 മുതല്‍ 35 വയസ് വരെ പ്രായമുള്ള സ്വദേശികളും വിദേശികളുമായ സ്ത്രീകളും പുരുഷന്മാരുമാണ് കുത്തിവെപ്പെടുക്കേണ്ടത്. രാജ്യത്ത് വ്യത്യസ്ത മേഖലകളില്‍ അഞ്ചാംപനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രാലയം മുന്‍കരുതല്‍ നടപടികളുമായി രംഗത്തെത്തിയത്. ദോഫാര്‍, അല്‍ വുസ്ത ഗവര്‍ണറേറ്റുകളില്‍ മേയ് മാസത്തില്‍ കുത്തിവെപ്പ് കാംപയിന്റെ ഒന്നാംഘട്ടം പൂര്‍ത്തീകരിച്ചിരുന്നു. അതേസമയം, കുത്തിവെയ്പ് കാംപയിന് സംബന്ധിച്ച് കൂടുതല്‍ പേരില്‍ ബോധവൽക്കരണം നല്‍കുന്നതിന് പിന്തുണച്ചവര്‍ക്ക് ആരോഗ്യ മന്ത്രലായം നന്ദി രേഖപ്പെടുത്തി.
സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍, മാധ്യമങ്ങള്‍, സന്നദ്ധ സേവകര്‍, സ്വദേശികള്‍, വിദേശികള്‍ എന്നിവര്‍ക്കെല്ലാം നന്ദി അറിയിക്കുന്നതായും മന്ത്രാലയം അറിയിച്ചു. രണ്ടാംഘട്ടത്തിന്റെ ആദ്യ മൂന്ന് ദിവസത്തിനിടെ 740,645 പേര് കുത്തിവെയ്പെടുത്തതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. മസ്കത്ത് ഗവര്‍ണറേറ്റിലാണ് ഏറ്റവും കൂടുതല്‍ പേര് കുത്തിവെയ്പെടുത്തത്. ജനങ്ങള്‍ കൂടുതലായി താമസിക്കുന്നതിനാല്‍ മസ്കത്തില് വ്യത്യസ്ത മേഖലകളിലാണ് കുത്തിവെയ്പിന് അവസരം ഒരുക്കിയത്.