ന്യൂഡൽഹി: രാജ്യത്തെ പ്രവാസികളെ വിമാന മാർഗം തിരികെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേ ഭാരത് ദൗത്യത്തിന്റെ രണ്ടാംഘട്ടം ശനിയാഴ്ച ആരംഭിക്കും. 31 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളെയാണ് രണ്ടാം ഘട്ടത്തിൽ തിരിച്ചെത്തിക്കുക. ശനിയാഴ്ച മുതൽ ഈ മാസം 22 വരെ 149 വിമാന സർവീസുകൾ ഇതിന്റെ ഭാഗമായി നടത്തും. ദൗത്യത്തിന്റെ ആദ്യ ഘട്ടത്തിൽ 12 രാജ്യങ്ങളിൽ നിന്നായി 64 വിമാനങ്ങളിലാണ് പ്രവാസികളെ തിരിച്ചെത്തിച്ചത്. ഈമാസം ഏഴിന് ആരംഭിച്ച ആദ്യ ഘട്ടം വ്യാഴാഴ്ച അവസാനക്കും. ഇതുവരെ 6,037 പ്രവാസികളാണ് തിരിച്ചെത്തിയത്. ആദ്യഘട്ടം അവസാനിക്കുന്നതോടെ 15,000ഓളം പ്രവാസികൾ തിരിച്ചെത്തും. സിവിൽ വ്യോമയാന മന്ത്രാലയം വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ചാണ് ദൗത്യത്തിന്റെ രണ്ടാം ഘട്ടം നടപ്പാക്കുന്നത്.
ഏതെല്ലാം രാജ്യങ്ങൾ
യുഎഇ, സൗദി അറേബ്യ, ബഹ്റൈൻ, ഒമാൻ, ഖത്തർ, കുവൈറ്റ്, യുഎസ്എ, സിംഗപ്പൂർ, മലേഷ്യ, ബ്രിട്ടൺ, ഓസ്ട്രേലിയ, ഫ്രാൻസ്, ഇറ്റലി, അയർലാൻഡ്, ഉക്രയിൻ, കസാകിസ്താൻ, ഇന്തോനേഷ്യ, കാനഡ, ഫിലിപ്പീൻസ്, റഷ്യ, കിർഗിസ്താൻ, ജപ്പാൻ, ജോർജിയ, ജർമനി, തജിക്കിസ്താൻ, അർമേനിയ, തായ്ലാൻഡ്, നേപ്പാൾ, ബലാറസ്, നൈജീരിയ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ പ്രവാസികളെ രണ്ടാം ഘട്ടത്തിൽ തിരിച്ചെത്തിക്കും.
യുഎസിൽ നിന്നാണ് ഏറ്റവും കൂടുതൽ വിമാനങ്ങൾ.13 വിമാനങ്ങളിലായാണ് രണ്ടാം ഘട്ടത്തിൽ യുഎസിലെ പ്രവാസികളെ ഇന്ത്യയിൽ തിരിച്ചെത്തിക്കുക.
യുഎഇയിൽ നിന്ന് പതിനൊന്നും കാനഡയിൽ നിന്ന് പത്തും വിമാനങ്ങളിലായി പ്രവാസികളെ തിരിച്ചെത്തിക്കും. സൗദിയിൽനിന്നും ബ്രിട്ടനിൽ നിന്നും ഒൻപത് വീതം വിമാനങ്ങളും, മലേഷ്യയിൽ നിന്നും ഒമാനിൽ നിന്നും എട്ട് വീതം വിമാനങ്ങളും സർവീസ് നടത്തും.
മറ്റു രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ:
കസാകിസ്താൻ-07
ഓസ്ട്രേലിയ-07
ഉക്രയിൻ- 06
ഖത്തർ- 06
ഇന്തോനേഷ്യ- 06
റഷ്യ- 06
ഫിലിപ്പീൻസ്- 05
ഫ്രാൻസ്-04
സിംഗപ്പൂർ-04
അയർലൻഡ്-04
കിർഗിസ്താൻ-04
കുവൈറ്റ്-03
ജപ്പാൻ-03
ജോർജിയ-02
ജർമനി-02
താജികിസ്താൻ-02
ബഹ്റൈൻ-02
അർമേനിയ-02
തായ്ലാൻഡ്-01
ഇറ്റലി-01
നേപ്പാൾ-01
ബെലാറസ്-01
നൈജീരിയ-01
ബംഗ്ലാദേശ്-01
കേരളത്തിലേക്ക്
യുഎഇ,യുഎസ്എ, സൗദി അറേബ്യ,ബഹ്റൈൻ, ബ്രിട്ടൺ, ഒമാൻ,ഖത്തർ, ഓസ്ട്രേലിയ, ഇറ്റലി, ഉക്രയിൻ, ഇന്തോനേഷ്യ, റഷ്യ, ഫിലിപ്പീൻസ്, ഫ്രാൻസ്, അയർലാൻഡ്, അർമേനിയ എന്നീ16 രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് വിമാന സർവീസുകളുണ്ടാവും.
യുഎഇയിൽനിന്നാണ് കേരളത്തിലേക്ക് ഏറ്റവും കൂടുതൽ വിമാന സർവീസുകൾ. ആറു സർവീസുകളാണ് യുഎഇയിലെ വിമാനത്താവളങ്ങളിൽനിന്ന് കേരളത്തിലേകക്കുണ്ടാവുക.ഒമാനിൽ നിന്ന് കേരളത്തിലേക്ക് നാലു വിമാനങ്ങളും സൗദിയിൽ നിന്ന് മൂന്നും ഖത്തറിൽ നിന്ന് രണ്ടു വിമാനങ്ങളും മറ്റു രാജ്യങ്ങളിൽ നിന്ന് ഓരോ വിമാനങ്ങളും കേരളത്തിലേക്ക് തിരിക്കും.കേരളത്തിലെ നാല് വിമാനത്താവളങ്ങളിലേക്കും വിമാനങ്ങൾ സർവീസ് നടത്തും.
ഒന്നാംഘട്ടത്തിൽ പ്രവാസികളെ തിരിച്ചെത്തിക്കുന്നതിന് തീരുമാനിച്ച നിബന്ധനകൾ രണ്ടാം ഘട്ടത്തിലും പാലിക്കണമെന്ന് സിവിൽ വ്യോമയാന വകുപ്പ് പ്രസ്താവനയിൽ അറിയിച്ചു. തിരിച്ചെത്തുന്ന പ്രവാസികൾ ഫോണിൽ ആരോഗ്യ സേതു ആപ്പ് ഇൻസ്റ്റാൾ ചെയ്യണം. സർക്കാർ നിർദേശിക്കുന്ന എല്ലാ ആരോഗ്യ ചട്ടങ്ങളും പ്രവാസികൾ പാലിക്കണം. നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾ പതിനാലുദിവസം ക്വാറന്റൈനിൽ കഴിയണം.