ഇരുപത്തേഴ് വർഷം മുമ്പ് ഇടുക്കി നെടുങ്കണ്ടത്തെ ടാക്സി ഡ്രൈവർ ബെഞ്ചമിനെ കൊലപ്പെടുത്തി കാർ തട്ടിയെടുത്ത സംഭവത്തിൽ രണ്ടാം പ്രതിക്ക് ജീവപര്യന്തം തടവും 50000 രൂപ പിഴയും. ഗൂഡല്ലൂർ സ്വദേശി ശെൽവരാജിനെയാണ് തൊടുപുഴ മുട്ടം ഒന്നാം ക്ലാസ് കോടതി ശിക്ഷിച്ചത്. ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ 25 വർഷത്തിന് ശേഷമാണ് പിടികൂടാനായത്.
1992 ജൂലയ് എട്ടിനായിരുന്നു കൊലപാതകം നടന്നത്. ആശുപത്രിയിൽനിന്ന് പാമ്പാടുംപാറയിലേക്ക് രോഗിയെ കൊണ്ടുപോകാനെന്ന പേരിലാണ് ബെഞ്ചമിനെ പ്രതികൾ വിളിച്ചുവരുത്തിയത്. പോകുംവഴി പുളിയന്മലയ്ക്ക‌് സമീപം കഴുത്തിൽ പ്ലാസ്റ്റിക് കയർ കരുക്കി കൊലപ്പെടുത്തി. മൃതദേഹം സന്യാസിയോടയ്ക്ക‌് സമീപം ഏലക്കാട്ടിൽ ഉപേക്ഷിച്ച‌് കാറുമായി കടന്നു. രണ്ട‌് സ്ത്രീകളടക്കം ഏഴുപേരെയാണ് പൊലീസ് അന്ന് അറസ്റ്റ‌് ചെയ്തിരുന്നത്. ശെൽവരാജ് മൂന്നാംദിനം അറസ്റ്റിലായിരുന്നു.
വിസ്താരത്തിന് മുൻപ് ജാമ്യത്തിലിറങ്ങി മുങ്ങിയ ശെൽവരാജിനെ 25 വർഷത്തിനുശേഷം ഗൂഡല്ലൂരിൽനിന്നാണ് അറസ്റ്റ‌് ചെയ്തത്. കേസിൽ ഒന്നും മൂന്നും ആറും ഏഴും പ്രതികളെ ജീവപര്യന്തം ശിക്ഷിച്ചിരുന്നു. ഇവരുടെ ശിക്ഷാ കാലാവധി അവസാനിക്കുകയും നാലും അഞ്ചും പ്രതികളെ സംശയത്തിന്റെ ആനുകൂല്യം നൽകി വിട്ടയക്കുകയും ചെയ്തിരുന്നു. പ്രധാനമായും സാഹചര്യത്തെളിവുകളാണ് പ്രോസിക്യൂഷൻ മുന്നോട്ടുവെച്ചത്. ഗൂഡല്ലൂരിൽനിന്ന് പിടിയിലായശേഷം ശെൽവരാജ് മൂന്നുതവണ ജാമ്യാപേക്ഷ നൽകിയെങ്കിലും കോടതി നിരസിച്ചു.
ആകെ 41 സാക്ഷികളാണ് കേസിലുണ്ടായിരുന്നത്. ഇതിൽ പലരും മരിച്ചു. ചിലർ കിടപ്പിലാണ്. അതിനാൽ 15 സാക്ഷികളെയാണ് വിസ്തരിച്ചത്.