മസ്കറ്റ് : ഒമാനിലെ മലയാളികൾക്ക് വിഷു വിഭവങ്ങളുമായി പ്രത്യേക വിമാനമെത്തി. നെസ്റ്റോ ഹൈപ്പർമാർക്കറ്റാണ് കേരളത്തിൽനിന്ന് വിഷു വിഭവങ്ങളെത്തിച്ചത്. കൊച്ചിയിൽനിന്നുള്ള സ്പൈസ് ജറ്റിൽ 16,000 കിലോ പച്ചക്കറികളും വിഷു വിഭവങ്ങളുമാണ് കൊണ്ടുവന്നത്. ഒമാനിൽ നിലവിൽ ലഭ്യമല്ലാത്ത മുരിങ്ങക്കായ, നേന്ത്രപ്പഴം, രസകദളി, പാലക്കാടൻ മട്ട തുടങ്ങിയ എല്ലാ വിഭവങ്ങളും എത്തിച്ചതായി നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് മാനേജിങ് ഡയറക്ടർ ഹാരിസ് പാലോള്ളതിൽ പറഞ്ഞു. ഇത്തരം വിഭവങ്ങളുമായി ഒരു വിമാനംകൂടി അടുത്തദിവസങ്ങളിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിൽ നെസ്റ്റോയിൽ കടുത്ത നിയന്ത്രണങ്ങൾ ആരംഭിച്ചതായി ഹാരിസ് പറഞ്ഞു. ഇതിന്റെ ഭാഗമായി പ്രവേശന കവാടങ്ങളുടെ എണ്ണം കുറച്ചിട്ടുണ്ട്. ഹൈപ്പർമാർക്കറ്റിനുള്ളിൽ പ്രവേശിക്കുന്നവർ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന പരാതി ലഭിച്ചിരുന്നു. ഇതിനാൽ ഒരേ സമയം 30 മുതൽ 40 വരെ മാത്രം പേരെയാണ് ഉള്ളിൽ കടത്തുന്നത്. പ്രവേശന കവാടത്തിൽ ശരീര ഉൗഷ്മാവ് പരിശോധിക്കുന്നതടക്കമുള്ള നിബന്ധനകൾ തുടരുന്നതായും അദ്ദേഹം പറഞ്ഞു. കൗണ്ടറുകളിലെ അകല ക്രമം അടക്കമുള്ള മാനദണ്ഡങ്ങളും പൂർണമായി പാലിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.