മനാമ: ഇന്ത്യൻ സ്കൂളും ഇന്ത്യൻ എംബസിയും സഹകരിച്ച് വിശ്വ ഹിന്ദി ദിവസ് 2021 ഓൺലൈനായി ആഘോഷിച്ചു. ദേശീയഗാനത്തോടെ പരിപാടി ആരംഭിച്ചു. തുടർന്ന് സ്‌കൂൾ പ്രാർത്ഥനയും. പ്രൊഫ. ഗണേഷ് ബി പവാർ (ഡീൻ സ്റ്റുഡന്റ്സ് വെൽഫെയർ & ഹിന്ദി വകുപ്പ് മേധാവി, കർണാടക സെൻട്രൽ യൂണിവേഴ്‌സിറ്റി), അസോസിയേറ്റ് പ്രൊഫസർ ജയ പ്രിയദർശിനി ശുക്ല (അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി) എന്നിവരായിരുന്നു വിധികർത്താക്കൾ. ഹിന്ദി വകുപ്പ് മേധാവി ബാബൂ ഖാൻ സ്വാഗതം പറഞ്ഞു. രണ്ട് ഘട്ടങ്ങളായി നടത്തിയ ഒരാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷത്തിന്റെ സമാപനമായിരുന്നു പരിപാടികള്‍. ആദ്യ ഘട്ടത്തിൽ ഇന്റർ-സ്കൂൾ മത്സരങ്ങളും സാംസ്കാരിക പ്രവർത്തനങ്ങളും ജനുവരി 4 ന് സംഘടിപ്പിച്ചു. ന്യൂ മില്ലേനിയം സ്കൂൾ, ഏഷ്യൻ സ്കൂൾ, ന്യൂ ഇന്ത്യൻ സ്കൂൾ, ബഹ്‌റൈൻ ഇന്ത്യൻ സ്കൂൾ, ഇബന്‍ അൽ ഹൈതം ഇസ്ലാമിക് സ്കൂൾ, ന്യൂ ഹൊറൈസൺ സ്കൂൾ എന്നിവയാണ് മത്സരങ്ങളിൽ പങ്കെടുത്ത മറ്റ് സിബിഎസ്ഇ സ്കൂളുകൾ. മത്സരങ്ങൾക്ക് പുറമെ ദേശസ്നേഹ ഗാനങ്ങൾ പോലുള്ള വൈവിധ്യമാർന്ന പരിപാടികളും ഉണ്ടായിരുന്നു.പ്രൊഫ. ഗണേഷ് ബി പവാർ ഹിന്ദി ഭാഷയുടെ സംഭാവന എടുത്തുകാട്ടുകയും പരിപാടിയെ അഭിനന്ദിക്കുകയും ചെയ്തു, ആഘോഷം ഗംഭീരമായി സംഘടിപ്പിക്കാനുള്ള ശ്രമങ്ങളെ പ്രൊഫ. ജയ പ്രിയദർശിനി ശുക്ല അഭിനന്ദിച്ചു. അനൂജ ശ്രീനിവാസൻ നന്ദി പറഞ്ഞു. ജനുവരി 10 ന് ഇന്ത്യൻ എംബസിയിൽ അവാർഡ് ദാന ചടങ്ങ് നടന്നു. ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. പരിപാടി ഏകോപിപ്പിക്കുന്നതിൽ ഹിന്ദി അധ്യാപകരുടെയും ആഘോഷത്തിൽ സജീവമായി പങ്കെടുത്ത വിദ്യാർത്ഥികളുടെയും ശ്രമങ്ങളെ പ്രിൻസിപ്പൽ വി ആർ പളനിസ്വാമി അഭിനന്ദിച്ചു. തന്റെ സന്ദേശത്തിൽ ഇന്ത്യന്‍ സ്കൂള്‍ ചെയർമാൻ ലോക ചരിത്രത്തിൽ ഹിന്ദി വളരെയധികം സ്വാധീനം ചെലുത്തിയെന്നു മാത്രമല്ല, ഇന്നും ലോകത്തെ വളരെയധികം സ്വാധീനിക്കുന്നുവെന്നു പറഞ്ഞു. ലോക സംസ്കാരങ്ങളുടെ ചരിത്രപരമായ വികാസത്തിൽ ഹിന്ദി ഏറെ പ്രാധാന്യമർഹിക്കുന്നുവെന്നു സ്കൂള്‍ സെക്രട്ടറി സജി ആന്റണി പറഞ്ഞു.