ദീർഘകാല സഹകരണ-കരാർ ഒപ്പിട്ട് വൊഡഫോൺ ഒമാനും ഫ്രെൻഡി മൊബൈൽ കമ്പനിയും

ഒമാൻ :ദീർഘകാല സഹകരണത്തിന് കരാർ ഒപ്പിട്ട് വൊഡഫോൺ ഒമാനും ഫ്രെൻഡി മൊബൈൽ കമ്പനിയും. ഒമാനിലെ ഏറ്റവും വലിയ മൊബൈൽ വിർച്വൽ നെറ്റ് വർക്ക് ഓപ്പറേറ്ററാണ് ഫ്രെൻഡി (FRiENDi mobile). പുതിയ പങ്കാളിത്തത്തിലൂടെ ഫ്രെൻഡി മൊബൈൽ ഉപയോക്താക്കൾക്ക് വൊഡഫോണിന്റെ കണക്റ്റിവിറ്റിയും വേ​ഗതയും ആസ്വദിക്കാം. ഡിസംബർ മുതലാണ് കരാർ നിലവിൽ വരുന്നത്.ഫ്രെൻഡി മൊബൈലിന്റെ 8 ലക്ഷം ഉപയോക്താക്കളെ വൊഡഫോണിലേക്ക് സ്വാ​ഗതം ചെയ്യുന്നതായി വൊഡഫോൺ ഒമാൻ സി.ഇ.ഒ ബദർ അൽ സിദി പറഞ്ഞു. വൊഡഫോണിന്റെ 5G നെക്സ്റ്റ് ലെവൽ നെറ്റ് വർക്കിന്റെ കരുത്താണ് ഈ പങ്കാളത്തത്തിലൂടെ വെളിപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. വികാസം, വളർച്ച, പുതിയ അവസരങ്ങൾ എന്നിവ ഇതിലൂടെ ഒമാനിലെ ഉപയോക്താക്കൾക്ക് സാധ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വൊഡഫോണുമായുള്ള പങ്കാളിത്തം വളരെ നിർണായകമായ ഒരു ചുവടുവെപ്പാണ്. ഉപയോക്താക്കൾക്ക് ഏറ്റവും മികച്ച മൂല്യവും സേവനവും നൽകാൻ ഇത് സഹായിക്കും ഫ്രെൻഡി മൊബൈൽ സി.ഇ.ഒ ഷാദ്ലി അൽ അബ്ദുൾസലാം പറഞ്ഞു. ഉപയോക്താക്കൾക്ക് ഇനി കൂടുതൽ വേ​ഗതയും വിശ്വാസ്യതയും മെച്ചപ്പെട്ട നെറ്റ് വർക്ക് അനുഭവവും ലഭ്യമാകും. – അദ്ദേഹം കൂട്ടിച്ചേർത്തു. 2009 മുതൽ ഒമാനിൽ പ്രവർത്തിക്കുന്ന സംരംഭമാണ് FRiENDi mobile. പ്രവാസികളാണ് കൂടുതലും ഈ സേവനം പ്രയോജനപ്പെടുത്തുന്നത്.