വോയിസ്‌ ഓഫ് ട്രിവാൻഡ്രം -ബഹ്‌റൈൻ ഫോറത്തിന്റെ ഇടപെടൽ;ശസ്ത്രക്രിയ കഴിഞ്ഞ പ്രവാസിക്ക് നാട്ടിൽ തുടർചികിത്സ

മനാമ: ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യനില ആശങ്കാജനകമായ സാഹചര്യത്തിൽ,പ്രവാസി മലയാളിയെ വിദഗ്ധ ചികിത്സയ്ക്കായി നാട്ടിലേക്ക് യാത്രയാക്കാൻ “വോയിസ്‌ ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം” (VOT) യുടെ നേതൃത്വത്തിൽ നടപടി സ്വീകരിച്ചു.സംഘടനയുടെ മുൻ എക്സിക്യൂട്ടീവ് അംഗമായിരുന്ന അദ്ദേഹം, അടുത്തിടെ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. എന്നാൽ ശസ്ത്രക്രിയ്ക്ക് ശേഷം അദ്ദേഹത്തിന്റെ ആരോഗ്യനിലയെ കുറിച്ച് ആശങ്കകൾ ഉയരുകയും, വിദഗ്ധ ഡോക്ടർമാരുടെ നിർദേശപ്രകാരം കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി എത്രയും പെട്ടെന്ന് നാട്ടിലേക്ക് എത്തിക്കണമെന്ന് ഉപദേശവും ലഭിച്ചു.ഇതിനെ തുടർന്ന് “വോയിസ്‌ ഓഫ് ട്രിവാൻഡ്രം- ബഹ്‌റൈൻ ഫോറത്തിലെ അംഗങ്ങളും, സംഘടനയുമായി ബന്ധപ്പെട്ട നിരവധി സുഹൃത്തുക്കളും കൈത്താങ്ങായി.
അവരുടെ കൂട്ടായ സഹകരണത്തോടെയാണ് ബഹ്‌റൈനിൽ നിന്ന് സൗദി അറേബ്യ വഴി അദ്ദേഹത്തെ നാട്ടിലേക്ക് യാത്രയാക്കിയത്.ശസ്ത്രക്രിയക്ക് ശേഷം വീട്ടിൽ വിശ്രമത്തിലിരുന്ന സമയത്ത് ആവശ്യമായ മുറിവ് ശുശ്രൂഷ ഉൾപ്പെടെയുള്ള പരിചരണങ്ങൾ, സംഘടനയുടെ വനിതാ വിഭാഗം പ്രസിഡന്റ് ഷീബ ഹബീബിന്റെ നേതൃത്വത്തിൽ ക്രമീകരിച്ചു.സംഘടനയുടെ പ്രസിഡന്റ് സിബി കുര്യൻ തോമസ്, സെക്രട്ടറി വിനീഷ് ശിവദാസൻ, ജീവ കാരുണ്യ വിഭാഗം സെക്രട്ടറി മൂർത്തി സ് ദാസ് എന്നിവരുടെ നേതൃത്വത്തിലും മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ സഹകരണത്തോടെയും തുടർനടപടികൾ ഏകോപിപ്പിച്ചതായി സംഘടനാ ഭാരവാഹികൾ അറിയിച്ചു.