ദോഹ: വീട്ടിലിരുന്നുള്ള ജോലി ജീവനക്കാരുടെ ശമ്പളം, ആനുകൂല്യങ്ങള്‍ എന്നിവകുറക്കരുതെന്ന് തൊഴില്‍ മന്ത്രാലയം. ജോലിയില്‍ കോവിഡ് 19 പ്രതിസന്ധിക്ക് മുമ്പുണ്ടായിരുന്ന അതേ കാര്യക്ഷമതയും ഉല്‍പാദനക്ഷമതയും ഗുണനിലവാരവും ജീവനക്കാര്‍ പുലര്‍ത്തണമെന്നും നിര്‍ദേശം. കോവിഡ് 19 നിയന്ത്രണങ്ങളുടെ ഭാഗമായി മാര്‍ച്ച് 18 മുതല്‍ക്കാണ് സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ജീവനക്കാരില്‍ 80 ശതമാനം പേര്‍ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ മന്ത്രാലയം നിര്‍ദേശിച്ചത്. രണ്ടു മേഖലകളിലേയും 20 ശതമാനം പേര്‍ മാത്രം ഓഫിസില്‍ ഹാജരായാല്‍ മതിയെന്നാണ് നിര്‍ദേശം. ആരോഗ്യമേഖല, സുരക്ഷ, സൈന്യം തുടങ്ങിയ മേഖലകളെ ഉത്തരവില്‍ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്. നിലവില്‍ സാധാരണ പോലെ പ്രവര്‍ത്തിക്കാന്‍ അനുമതിയിലുള്ള സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ജോലി സമയം 8 മണിക്കൂര്‍ തന്നെയാണ്. തൊഴിലുടമയുമായി ധാരണയിലെത്തിയാല്‍ പരമാവധി 2 മണിക്കൂര്‍ ഓവര്‍ടൈമിനും അനുമതിയുണ്ട്.
തൊഴിലുടമകള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍
∙ തൊഴില്‍ കരാറില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകളും നിബന്ധനകളും പ്രകാരം തന്നെയാകണം വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ജീവനക്കാരുടെ തൊഴില്‍ വ്യവസ്ഥകള്‍. കരാറില്‍ മാറ്റം വരുത്താന്‍ പാടില്ല.
∙ വീട്ടില്‍ ഇരുന്ന് ജോലി ചെയ്യുന്നതിന്റെ പേരില്‍ ശമ്പളം, ഭക്ഷണ, താമസം ഉള്‍പ്പെടെയുള്ള അലവന്‍സുകളില്‍ മാറ്റം വരുത്താന്‍ പാടില്ല.
∙ ജോലി സമയത്തിന്റെയും തൊഴില്‍ മണിക്കൂറിന്റെയും കാര്യത്തില്‍ തൊഴിലുടമകളും ജീവനക്കാരും തമ്മില്‍ പരസ്പര ധാരണയിലെത്തണം.
എന്നാല്‍ വീട്ടിലിരുന്നുള്ള ജോലി ഓഫിസിലിരുന്നുള്ള തൊഴില്‍ മണിക്കൂറിന്റെ ശരാശരിയേക്കാള്‍ കൂടുതല്‍ ആകരുത്. കൂടുതല്‍ മേഖലകളിലും ജോലി സമയം രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 1 വരെയാക്കി പരിമിതപ്പെടുത്തിയിട്ടുണ്ട്.
∙ തൊഴില്‍ മണിക്കൂര്‍ പ്രതിദിനം ആറ് മണിക്കൂര്‍ ആക്കി നിജപ്പെടുത്തിയതിനാല്‍ തൊഴിലുടമയുമായി പരസ്പര ധാരണയിലെത്തി പ്രതിദിനം പരമാവധി രണ്ട് മണിക്കൂര്‍ വരെ ഓവര്‍ ടൈം ജോലി ചെയ്യാം.
∙ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ആവശ്യമായ ഇലക്ട്രോണിക് ഉപകരണങ്ങള്‍ തൊഴിലുടമ നല്‍കണം. കമ്പനി ഇന്‍ട്രാനെറ്റ് ഉപയോഗം, ഇ-മെയിലുകള്‍ കൈകാര്യം ചെയ്യല്‍, സുരക്ഷാ പ്രോട്ടോക്കോള്‍ സ്ഥാപിക്കല്‍, സൂക്ഷ്മത പുലര്‍ത്തേണ്ട ഫയലുകള്‍ കൈകാര്യം ചെയ്യല്‍ എന്നിവയെക്കുറിച്ചെല്ലാം കമ്പനി മാനേജര്‍മാര്‍ ജീവനക്കാരെ പഠിപ്പിക്കണം.
∙ ജീവനക്കാരുടെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കാനുള്ള നയങ്ങളും പദ്ധതികളും കമ്പനി അധികൃതര്‍ സ്വീകരിച്ചിരിക്കണം.
ജീവനക്കാര്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍
∙ ജോലി സമയത്ത് എപ്പോഴും ജീവനക്കാരുമായി കമ്പനിക്ക് ആശയവിനിമയം സാധ്യമായിരിക്കണം.
∙ പ്രതിസന്ധിക്ക് മുമ്പുണ്ടായിരുന്ന അതേ കാര്യക്ഷമതയും ഉല്‍പാദനക്ഷമതയും ഗുണനിലവാരവും ജോലിയില്‍ നിലനിര്‍ത്തണം.
∙ ജോലി സമയത്ത് മറ്റ് വ്യക്തിഗത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുത്. വീട്ടിലിരുന്ന് ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കാന്‍ കഴിയാതെ വന്നാല്‍ ജീവനക്കാരന്‍ അവധി എടുക്കുന്നതായിരിക്കും ഉചിതമായ നടപടി.
∙ വീട്ടിലിരുന്നുള്ള ജോലി വാര്‍ഷിക, രോഗ അവധി അല്ലെങ്കില്‍ മറ്റ് തരത്തിലുള്ള അവധിയായി ഉപയോഗിക്കരുത്. അവധി അനിവാര്യമെങ്കില്‍ നിര്‍ബന്ധമായും അവധി അപേക്ഷ നല്‍കിയിരിക്കണം. സാധാരണ നടപടിക്രമങ്ങള്‍ പോലെ തന്നെ സൂപ്പര്‍വൈസറുമായി ചര്‍ച്ച ചെയ്ത് അനുമതി തേടിയിരിക്കണം.
∙ വീട്ടിലിരുന്നുള്ള ജോലി നിര്‍ദേശം അവസാനിക്കുമ്പോള്‍ വിവരങ്ങളുടെ രഹസ്യാത്മകതയും സുരക്ഷയും നിലനിര്‍ത്തേണ്ടതിനാല്‍ കമ്പനി നല്‍കിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍, സോഫ്റ്റ് വെയറുകള്‍, ഡാറ്റ ഫയലുകള്‍ എന്നിവ കമ്പനിക്ക് തിരികെ നല്‍കിയിരിക്കണം.
∙ വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോള്‍ വ്യക്തിഗത ജീവിതം ജോലിയെ ഒരുതരത്തിലും ബാധിക്കരുത്. വീട്ടിനുള്ളില്‍ മറ്റ് ഇടപെടലുകളും തടസങ്ങളും ഇല്ലാതെ കൃത്യമായി ജോലി ചെയ്യാന്‍ നിശ്ചിത സ്ഥലം കണ്ടെത്തണം. ജോലി സമയം കൃത്യമായി നിശ്ചയിച്ചിരിക്കണം. ജോലി തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ ശേഷമായിരിക്കണം വിശ്രമത്തിനും വ്യക്തിഗത ജീവിതത്തിനുമായും സമയം നീക്കി വെക്കേണ്ടത്. നിലവിലെ സാഹചര്യങ്ങളോടെ സഹകരിച്ച് കമ്പനി പ്രവര്‍ത്തനങ്ങളുടെ സുസ്ഥിരതയും തുടര്‍ച്ചയും ഉറപ്പാക്കി എല്ലാ ജീവനക്കാരും ജോലിയില്‍ ഉത്തരവാദിത്വം നിറവേറ്റണം.