മനാമ: നമ്മുടെ പ്രിയ നാട് ഇതുവരെ ദർശിക്കാത്ത തരത്തിലുള്ള മല വെള്ളപ്പാച്ചിലും ഉരുൾപൊട്ടലും, സഞ്ചാരികളുടെ പറുദീസയായ വയനാട്ടിലെ മേപ്പാടി പ്രദേശത്തിലെ മുണ്ടക്കൈയിലും ചൂരൽ മലയിലും ഭീകരതാണ്ഡവമാടിയിരിക്കുന്നു. നാളെ കുറിച്ചുള്ള മനോഹരമായ സ്വപ്നങ്ങൾ കണ്ട മുന്നുറിലധികം മനുഷ്യരെയാണ് ആ മല വെള്ളപ്പാച്ചിൽ എടുത്തുകൊണ്ടു പോയത്. അത്രതന്നെ മനുഷ്യരെ കാണാതെ പോയി. വീണ്ടെടുത്ത മൃതദേഹങ്ങളെ തിരിച്ചറിയാൻ കുടുംബങ്ങളിൽ ആരും അവശേഷിക്കാതെ പോയി. ഏഴു എട്ടും പേർ ഉണ്ടായിരുന്ന കുടുംബത്തിൽ ഒരാൾ മാത്രം അവശേഷിച്ചു. നാനൂറിലധികം വീടുകൾ നിന്ന ഒരു പ്രദേശം ആകെ മണ്ണുമൂടി ചളി കൂമ്പാരമായി മാറി.തീർച്ചയായും ഇത് കേരളം ഇന്നേവരെ ദർശിക്കാത്ത തരത്തിലുള്ള പ്രകൃതിദുരന്തമാണ്. കേരള സർക്കാരും കേന്ദ്രസർക്കാരും അതിൻറെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് അതിവേഗത്തിലുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്.മറ്റിതര ജില്ലകളിൽ നിന്നും വന്നെത്തിയ നിസ്വാർത്ഥരും മനുഷ്യ സ്നേഹികളുമായ രക്ഷാപ്രവർത്തകരുടെയും വിവിധ രാഷ്ട്രീയ സന്നദ്ധ സംഘടനകളുടെയും കൂട്ടായ്മകൾ മതേതര കേരളത്തിൻ്റെ അഭിമാനമായി മാറുന്ന കാഴ്ചയാണെങ്ങും. പ്രതിഭാംഗമായ സരിതകുമാറിൻ്റെ കുടുംബത്തിലെ 10 പേരെയാണ് ഈ പ്രളയദുരന്തം എടുത്തുകൊണ്ടു പോയത്. ആ കുടുംബത്തിലെ ബാക്കിയായ എട്ടു വയസ്സുകാരി അവന്തിക ഈ ഉരുൾപൊട്ടലിൻ്റെ എന്നത്തെയും ജീവിക്കുന്ന രക്തസാക്ഷിയാകുമെന്നത് ഓർക്കാനേ കഴിയുന്നില്ല.
നൂറുകണക്കിനാളുകൾക്ക് ജീവൻ നഷ്ടമാവുകയും ആയിരക്കണക്കിന് ആളുകൾ ഒറ്റപ്പെടുകയും ചെയ്ത വയനാടിന് എന്നത്തേക്കാളും പിന്തുണ ആവശ്യമാണ്. അവരുടെ ജീവിതം പുനർ നിർമ്മിക്കാൻ കേരളവും മുഴുവന് മലയാളികളും ഒരുമിച്ചു നിൽക്കേണ്ടതുണ്ട്. പ്രതിഭയിലെ മുഴുവൻ അംഗങ്ങളുടെയും ഒരു ദിവസത്തെ വേതനം ഇതിനായി നീക്കി വെക്കും. ഒപ്പം പ്രതിഭയുടെ നാല്പതാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി കേരളത്തിൽ വച്ച് നടക്കാൻ തീരുമാനിച്ച ഉദ്ഘാടന പരിപാടി ഉപേക്ഷിച്ചതായും അതിൻറെ ചെലവിനായുള്ള തുകയും ചേർത്ത് കേരള മുഖ്യമന്ത്രിയുടെ പേരിലുള്ള ദുരിതാശ്വാസ നിധിയിലേക്ക് ഉടൻ നൽകുവാൻ പ്രതിഭാ നേതൃത്വം തീരുമാനിച്ചു. ദുരന്ത പശ്ചാത്തലത്തിൽ സൽമാനിയക്കടുത്തുള്ള പുതിയ പ്രതിഭ ഓഫീസ് ഉത്ഘാടനം ആഗസ്ത് 9 ന് രാവിലെ 10 മണിക്ക് ഏറ്റവും ലളിതമായി നടത്തുവാൻ തീരുമാനിച്ചതായും ബിഎംസി .ഹാളിൽ ചേർന്ന വയനാട് ദുരന്ത അനുശോചന യോഗത്തിൽ പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ അറിയിച്ചു. അനുശോചന യോഗത്തിൽ പ്രതിഭ പ്രസിഡണ്ട് ബിനു മണ്ണിൽ അദ്ധ്യക്ഷനായി. ജോ:സെക്രടറി മഹേഷ് സ്വാഗതം പറഞ്ഞു.മുഖ്യരക്ഷാധികാരിയും ലോക കേരള സഭ അംഗവുമായ പി .ശ്രീജിത്ത്, പ്രതിഭ രക്ഷാധികാരി സമിതി അംഗവും ലോക കേരള സഭ അംഗങ്ങളുമായ സി വി നാരായണൻ, സുബൈർ കണ്ണൂർ രക്ഷാധികാരി സമിതി അംഗം ഷീബ രാജീവൻ എന്നിവർ അനുസ്മരണ യോഗത്തിൽ സംസാരിച്ചു.